ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. മെയ് 12 നാണ് കർണാടകയിലെ തിരഞ്ഞെടുപ്പ് നടക്കുക. ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. മെയ് 15 ന് വോട്ടെണ്ണൽ നടക്കും. ഏപ്രിൽ 17 ന് വിജ്ഞാപനം പുറത്തിറങ്ങും. പത്രിക സമർപ്പിക്കാനുളള അവസാന തീയതി ഏപ്രിൽ 24 നാണ്. ഏപ്രിൽ 25 ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കർണാടകയിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. നിലവിൽ കോൺഗ്രസാണ് കർണാടകയിൽ അധികാരത്തിലുളളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി 43 സീറ്റ് നേടിയപ്പോൾ 122 സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്.

ഈ വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന 8 സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക. മൂന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ മാസം തിരഞ്ഞെടുപ്പ് നടന്നിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയെയാണ് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നത്. കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയാണ് ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മുന്നിട്ടിറക്കുന്നത്.

അതേസമയം, ചെങ്ങന്നൂർ​ ഉപതിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചില്ല. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതിക്കൊപ്പം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ടായിരുന്നു. ചെങ്ങന്നൂരിൽ സ്ഥാനാർഥികളെ ഇതിനകം പ്രഖ്യാപിച്ച മുന്നണികൾ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായ സജി ചെറിയാനാണ് എൽഡിഎഫിനായി മൽസര രംഗത്തുളളത്. മുതിർന്ന ബിജെപി നേതാവായ പി.ശ്രീധരൻ പിള്ളയാണ് ബിജെപിയുടെ സ്ഥാനാർഥി. അയ്യപ്പസേവാ സംഘം നേതാവും കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവുമായ ഡി.വിജയകുമാറാണ് യുഡിഎഫ് സ്ഥാനാർഥി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook