ന്യൂഡല്‍ഹി: ഇക്ട്രോണിക് വോട്ടിംഗ് മെഷീനിൽ ബിജെപിക്ക് അനുകൂലമായി തിരിമറി നടത്തുന്നു എന്ന ആരോപണത്തെ തുടന്ന് വോട്ടിംഗ് യന്ത്രത്തില്‍ തകരാറില്ലെന്ന് കാണിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലൈവ് ഡെമോ ഇന്ന് ഉച്ചയ്ക്ക് നടക്കും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഡെല്‍ഹി നഗരസഭാ തെരഞ്ഞെടുപ്പിലും വോട്ടിംഗ് മെഷീനുകളിൽ തിരിമറി നടത്തി എന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ വെളളിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉന്നത സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. യോഗത്തിന് ശേഷം ഇന്ന് വിളിച്ചു ചേര്‍ത്തിരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ വോട്ടിംഗ് യന്ത്രവും വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയലും(വിവിപാറ്റ്) പ്രദര്‍ശിപ്പിക്കും.

ഡെല്‍ഹിയില്‍ രണ്ട് മണിക്കൂറോളം നീളുന്ന വാര്‍ത്ത സമ്മേളനത്തിനിടെ വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് സാധ്യമെന്ന് തെളിയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മറ്റുള്ളവര്‍ക്കും അവസരം നല്‍കുന്ന ‘ഇ.വി.എം. ചാലഞ്ച്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ സമയക്രമവും കമ്മിഷന്‍ പ്രഖ്യാപിക്കും. എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും വെല്ലുവിളി ഏറ്റെടുക്കാമെന്ന്തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച യോഗത്തില്‍ ഏഴ് ദേശീയ പാര്‍ട്ടികളും 48 പ്രാദേശിക പാര്‍ട്ടികളുമായി 55 രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുത്തു. ഉത്തര്‍പ്രദേശ് തെരഞ്ഞെുടപ്പില്‍ ബിജെപിയ്ക്ക് ഭുരിപക്ഷം കൂട്ടാന്‍ വോട്ടിംഗ് മെഷീനില്‍ വ്യാപകമായി കൃത്രിമം കാട്ടിയെന്നും ഇതാണ് ബിജെപിയ്ക്ക് ഈ രീതിയില്‍ സീറ്റുകള്‍ കിട്ടാന്‍ കാരണമായതെന്നും ആംആദ്മി പാര്‍ട്ടി അടക്കമുള്ള പ്രതിപക്ഷ പാട്ടികൾ നേരത്തെ ആരോപിച്ചിരുന്നു. വോട്ടിംഗ് മെഷീനീല്‍ അനായാസമായി കൃത്രിമം കാട്ടാന്‍ കഴിയുമെന്ന് ആപ്പ് നേതാവ് സൗരഭ് ഭരദ്വാജ് ഡെല്‍ഹി നിയമസഭയിൽ ഡെമോ കാട്ടിയിരുന്നു. ഇവിഎം വിദഗ്ധര്‍ പരിശോധിച്ച ഐഐടി ഗ്രേഡുകള്‍ നിര്‍മ്മിച്ച മെഷീനാണ് ഉപയോഗിച്ചതെന്നും പാര്‍ട്ടി അവകാശപ്പെട്ടിരുന്നു. അതേസമയം ആപ്പ് ഡെമോയ്ക്കായി ഉപയോഗിച്ച മെഷീന്‍ തട്ടിപ്പായിരുന്നെന്നാണ് ഇതിന് ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയ മറുപടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ