ന്യൂഡൽഹി: ഇ​ല​ക്ട്രോ​ണി​ക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് രംഗത്തെത്തിയ രാഷ്ട്രീയ പാര്‍ട്ടികളുടെ വെല്ലുവിളി സ്വീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിച്ച് ഹാക്ക് ചെയ്യാനോ കൃത്രിമത്വം കാണിക്കുവാനോ പറ്റുമെന്ന് തെളിയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. മെയ് ആദ്യവാരം മുതല്‍ വിദഗ്ദരായ ആര്‍ക്ക് വേണമെങ്കിലും ഒരാഴ്ച്ചക്കാലമോ 10 ദിവസമോ പരിശോധന നടത്താമെന്ന് കമ്മീഷന്‍ അറിയിച്ചു.

ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തായിരിക്കും വോട്ടിങ് യന്ത്രങ്ങൾ പരിശോധിക്കാൻ അവസരം നൽകുക. വോട്ടിങ് യന്ത്രങ്ങള്‍ മാറ്റി ബാലറ്റ് തിരിച്ചു കൊണ്ടു വരണമെന്ന വാദം ഉയരുന്നതിനിടെയാണ് കമ്മീഷന്റെ നടപടി.

2009ലും സമാനമായ വെല്ലുവിളിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്രകാരം തന്നെയാണ് നേരിട്ടത്. അന്ന് യന്ത്രങ്ങളില്‍ കൃത്രിമത്വം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ മാസം നടന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കൂറ്റന്‍ വിജയത്തിന് പിന്നാലെയാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയത്.

പഞ്ചാബ് അസംബ്ലി തെരഞ്ഞെടുപ്പിലെ ഫലം വന്നതിന് പിന്നാലെ എഎപി നേതാവ് കേജ്രിവാളും വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്തു. അടിസ്ഥാനരഹിതമായ ആരോപണമാണെന്നാണ് വിവാദങ്ങളോട് തെരഞ്ഞെടുപപ് കമ്മീഷന്‍ പ്രതികരിച്ചത്.

പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ബുധനാഴ്ച രാഷ്ട്രപതി പ്രണബ് മുഖർജിയെ സന്ദർശിച്ച് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ