ന്യൂഡൽഹി: ഗോവ, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ സമയക്രമം തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ഈ സംസ്ഥാനങ്ങളിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
യുപിയിലെ 403 സീറ്റുകളിലേക്കും പഞ്ചാബിലെ 117 സീറ്റുകളിലേക്കും ഉത്തരാഖണ്ഡിലെ 70 സീറ്റുകളിലേക്കും മണിപ്പൂരിലെ 60 സീറ്റുകളിലേക്കും ഗോവയിലെ 40 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏഴ് ഘട്ടങ്ങമായാണ് തിരഞ്ഞെടുപ്പെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുശീൽ ചന്ദ്ര പറഞ്ഞു.
ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് മൂന്ന്, ഏഴ് എന്നീ തീയതികളിലായാണ് വോട്ടെടുപ്പ്. ഇതിൽ യുപി തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായും മണിപ്പൂർ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായും നടക്കും. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പുകൾ ഓരോ ഘട്ടമായും നടക്കും. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.
ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് മൂന്ന്, ഏഴ് തീയതികളിലാണ് യുപിയിൽ പോളിങ്. ഫെബ്രുവരി 27, മാർച്ച് മൂന്ന് തീയതികളിലാണ് മണിപ്പൂരിലെ വോട്ടെടുപ്പ്. ഫെബ്രുവരി 14ന് പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കും.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് ജനുവരി 15 വരെ റോഡ് ഷോകൾ, പദയാത്രകൾ, സൈക്കിൾ, ബൈക്ക് റാലികൾ, ഘോഷയാത്രകൾ എന്നിവ അനുവദിക്കില്ല. സ്ഥിതിഗതികൾ അവലോകനം ചെയ്ത് പുതിയ നിർദേശങ്ങൾ പിന്നീട് നൽകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു.
ക്രിമിനൽ കേസുകൾ തീർപ്പാകാതെയുള്ള വ്യക്തികളെ സ്ഥാനാർത്ഥികളാക്കുകയാണെങ്കിൽ പാർട്ടികൾ അവരെ എന്തിനാണ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതെന്നതിന്റെ വിശദീകരണം അവരുടെ വെബ്സൈറ്റിൽ നൽകണമെന്നും കമ്മിഷണർ വ്യക്തമാക്കി.
“വിപുലമായ തയാറെടുപ്പുകളോടെ പരമാവധി വോട്ടർ പങ്കാളിത്തത്തോടെ അഞ്ച് സംസ്ഥാനങ്ങളിൽ കോവിഡ്-സുരക്ഷിത തിരഞ്ഞെടുപ്പ് നടത്താൻ ഞങ്ങൾ ലക്ഷ്യമിടുന്നു. എല്ലാ പോളിങ് സ്റ്റേഷനുകളിലും സാനിറ്റൈസറുകളും മാസ്കുകളും ഉൾപ്പെടെയുള്ള കോവിഡ് ലഘൂകരണ സൗകര്യങ്ങൾ ഉണ്ടായിരിക്കും,” തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു. ബൂത്തുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ കോവിഡ് സാഹചര്യത്തിൽ ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് റാലികളൊന്നും നടത്തില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് വലിയ ജനക്കൂട്ടം ഒത്തുകൂടുന്ന പൊതുപരിപാടികൾ നടത്തുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും കോൺഗ്രസ് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ പഞ്ചാബ് ഒഴികെ ബാക്കി എല്ലായിടത്തും ബിജെപിയാണ് ഭരിക്കുന്നത്. മാർച്ച്, മേയ് മാസങ്ങളിലായി ഈ സംസ്ഥാനങ്ങളിലെ നിയമസഭയുടെ കാലാവധി അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത്.
Read Also: രാജ്യത്ത് പുതിയ ഒന്നര ലക്ഷത്തോളം കോവിഡ് രോഗികൾ, 285 മരണം