ന്യൂഡൽഹി: ലോക്‌സഭയിലേയ്ക്കും നിയമസഭയിലേയ്ക്കുമുളള തിരഞ്ഞെടുപ്പുകൾ സെപ്റ്റംബർ 2018ൽ സംയുക്തമായി നടത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിന് കമ്മീഷൻ സജ്ജമാണെന്ന് ഭോപ്പാലിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ തിരഞ്ഞെടുപ്പ് കമ്മീഷണർ ഒ.പി.റാവത്ത് വ്യക്തമാക്കി.

ബിജെപി ഈ ആവശ്യം നേരത്തെ ഉന്നയിച്ചിട്ടുണ്ടായിരുന്നുവെങ്കിലും മറ്റ് രാഷ്ട്രീയപാർട്ടികൾ ഇക്കാര്യത്തിൽ ഇതുവരെ മനസ്സ് തുറന്നിട്ടില്ല. കേന്ദ്രസർക്കാർ സംയുക്തമായ തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് കമ്മീഷന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.

സംയുക്ത തിരഞ്ഞെടുപ്പ് നടത്താൻ കമ്മീഷൻ സജ്ജമാണെന്നും സർക്കാർ അതിനായുളള നിയമപരമായ നടപടിക്രമങ്ങൾ ഉൾപ്പടെ പൂർത്തിയാക്കേണ്ടതുണ്ടെന്നും റാവത്ത് പറഞ്ഞു.

ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്തണമെങ്കിൽ ആവശ്യമായ ഇലക്ട്രോണിക് വോട്ടിങ് മെഷീനും വിവിപാറ്റ് മെഷീനും വാങ്ങേണ്ടതുണ്ട്. 40 ലക്ഷം വോട്ടിങ് മെഷീനുകളാണ് ആവശ്യമായി വരികയെന്ന് അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താമെന്ന ആശയം മുന്നോട്ട് വച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. ഇങ്ങനെ വരുന്പോൾ ചില സംസ്ഥാനങ്ങൾക്ക് കാലയളവ് കൂടുതൽ ലഭിക്കുകയും ചിലരുടെ ഭരണകാലാവധി കുറയുകയും ചെയ്യുമെന്ന ആശങ്ക രാഷ്ട്രീയ പാർട്ടികൾക്കുണ്ട്. ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്തുമ്പോൾ ചെലവ് കുറയുമെന്നാണ് ഇതിനെ അനുകൂലിക്കുന്നവരുടെ അവകാശവാദം.

2018ൽ ഏഴ് സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പിലേക്ക് എത്തുന്നുണ്ട്. ഗുജറാത്തിലെ സർക്കാരിന്റെ കാലവധി 2018 ജനുവരി 22 ന് അവസാനിക്കും. ഹിമാചൽ പ്രദേശ് ജനുവരി ഏഴിനും കർണാടകയുടേത് മെയ് 28നും മേഘാലയ മാർച്ച് ആറിനും മിസോറം ഡിസംബർ 15നും നാഗാലാൻഡ് മാർച്ച് 13 നും ത്രിപുരയിലെ കാലാവധി മാർച്ച് 14 ന് അവസാനിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ