ന്യൂഡല്‍ഹി: പതിനാറാമതു രാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രകിയ പ്രഖ്യാപിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. ജൂലൈ 18നാണു വോട്ടെടുപ്പ്. 21നാണു വോട്ടെണ്ണല്‍.
”രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള സമയക്രമം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂണ്‍ 15നു പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 29ഉം തിരഞ്ഞെടുപ്പ് തീയതി ജൂലൈയില്‍ 18ഉം ആണ്. ആവശ്യമെങ്കില്‍ വോട്ടെണ്ണല്‍ ജൂലായ് 21-ന് നടത്തും,” മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പോളിങ് ദിവസം എല്ലാ കോവിഡ് മുന്‍കരുതലുകളും പ്രോട്ടോക്കോളുകളും പാലിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24-നാണ് അവസാനിക്കുന്നത്. ഭരണഘടനയുടെ 62-ാം അനുച്‌ഛേദം അനുസരിച്ച്, സ്ഥാനമൊഴിയുന്ന രാഷ്ട്രപതിക്കു പകരക്കാരനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ്, കാലാവധി അവസാനിക്കുന്നതിനു പൂര്‍ത്തിയാക്കേണ്ടതുണ്ട്.
തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം കാലാവധി തീരുന്നതിനു മുമ്പുള്ള അറുപതാം ദിവസമോ അതിനുശേഷമോ പുറപ്പെടുവിക്കണമെന്നാണ് നിയമം. ഭരണഘടനയുടെ 324-ാം അനുച്ഛേദം, 1952-ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നിയമം തുടങ്ങിയവ പ്രകാരം രാഷ്ട്രപത തിരഞ്ഞെടുപ്പ് നടത്തിപ്പിന്റെ മേല്‍നോട്ടവും നിര്‍ദേശവും നിയന്ത്രണവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നിക്ഷിപ്തമാണ്.
Also Read: നൂപുർ ശർമ, നവീൻ ജിൻഡാൽ, സബ നഖ്‌വി എന്നിവർക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്
അതിനിടെ, രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വെള്ളിയാഴ്ച നിയമസഭ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ എന്‍ സി പി നേതാക്കളായ നവാബ് മാലിക്കും അനില്‍ ദേശ്മുഖും സമര്‍പ്പിച്ച അപേക്ഷകള്‍ മുംബൈയിലെ പ്രത്യേക കോടതി തള്ളി.
കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച വ്യത്യസ്ത കേസുകളില്‍ അറസ്റ്റിലായ മാലിക്കും ദേശ്മുഖും വോട്ട് ചെയ്യാന്‍ ഒരു ദിവസത്തെ ജാമ്യം തേടിയാണു കോടതിയെ സമീപിച്ചത്. മഹാരാഷ്ട്രയില്‍നിന്ന് ഒഴിവുവന്ന ആറ് രാജ്യസഭാ സീറ്റിലേക്കാണു നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്.