ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഇതുപ്രകാരം നിയമസഭയുടെ കാലാവധി പൂർത്തിയാക്കും മുമ്പ് നിയമസഭ പിരിച്ചുവിട്ടാൽ അപ്പോൾ മുതൽ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വരുമെന്ന് പുതിയ ഉത്തരവിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

കാലാവധി പൂർത്തിയാകും മുമ്പ് പിരിച്ചുവിടപ്പെട്ട തെലങ്കാന സർക്കാരിനെ ബാധിക്കുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ഉത്തരവ്.

നിയമസഭ പിരിച്ചുവിട്ടാൽ അപ്പോൾ മുതൽ കാവൽ സർക്കാർ (കെയർടേക്കർ ഗവൺമെന്റ്) അധികാരത്തിൽ​ വരും. തിരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത സർക്കാർ അധികാരത്തിൽ​വരുന്നത് വരെ കാവൽ സർക്കാർ തുടരും. അതുവരെ കാവൽ സർക്കാരിന് നയപരമായ തീരുമാനങ്ങളോ പ്രഖ്യാപനങ്ങളോ സ്വീകരിക്കാൻ പാടുളളതല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

എസ്.ആർ.ബൊമ്മെ കേസിൽ 1994 ലെ വിധിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുളളത്. പുതിയ ഉത്തരവ് പ്രകാരം നിയമസഭ പിരിച്ചുവിടുന്നതോടെ പെരുമാറ്റച്ചട്ടം നിലവിൽ വരികയും സംസ്ഥാനത്തെ കാവൽ സർക്കാരിനോ കേന്ദ്ര സർക്കാരിനോ ആ സ്ഥലത്ത് പുതിയ പദ്ധതികളോ പ്രൊജക്ടോ ഒന്നും പ്രഖ്യാപിക്കാൻ പാടില്ലെന്നും പെരുമാറ്റച്ചട്ടം നിർദേശിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook