ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്നിടത്തും ഫെബ്രുവരിയിൽ വോട്ടെടുപ്പ് നടക്കും. മാർച്ചിൽ വോട്ടെണ്ണും. ത്രിപുരയിൽ വോട്ടെടുപ്പ് 18 നും മേഘാലയയിലും നാഗാലാൻഡിലും ഫെബ്രുവരി 27നും നടക്കും. വോട്ടെണ്ണൽ മാർച്ച് മൂന്നിനായിരിക്കും നടക്കുക.
മൂന്ന് സംസ്ഥനങ്ങളിലും അറുപത് നിയമസഭാ സീറ്റുകൾ വീതമാണ് ഉളളത്. ത്രിപുര, മേഘാലയ, നാഗലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലവധി മാർച്ചിൽ അവസാനിക്കും. മേഘാലയ നിയമസഭയുടെ കാലാവധി മാർച്ച് ആറിനും ത്രിപുരയിലേത് മാർച്ച് 13 നും നാഗലാൻഡിലേത് മാർച്ച് 14നും അവസാനിക്കും. കർണാടക, മിസോറം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലവധിയും ഈ വർഷം അവസാനിക്കും.
ഏറ്റവും കടുത്ത മൽസരം നടക്കുക 20 വർഷമായി സിപിഎം ഭരിക്കുന്ന ത്രിപുരയിലായിരിക്കും. ത്രിപുര പിടിച്ചെടുക്കുമെന്ന ബിജെപി നീക്കവും അതിനെ തടയാനുളള സിപിഎമ്മിന്രെ ശ്രമവും കഴിഞ്ഞ കുറച്ച് കാലമായി ഏറെ ചർച്ചയായിട്ടുണ്ട്.
മേഘാലയ ഭരിക്കുന്നത് കോൺഗ്രസ് നേതൃത്വത്തിലുളള സർക്കാരാണ്. നാഗലാൻഡിൽ നാഗാപീപ്പിൾസ് ഫ്രണ്ട് എന്ന പ്രാദേശിക പാർട്ടിയുടെ നേതൃത്വത്തിലുളള മുന്നണിയാണ് ഭരിക്കുന്നത്. ഈ മുന്നണിക്കൊപ്പമാണ് നാഗലാൻഡിൽ ബി ജെ പി.