ന്യൂഡൽഹി: വോട്ട് ചെയ്തത് ഏത് പാർട്ടിക്കാണെന്ന് ഉറപ്പിക്കാൻ പേപ്പർ രസീത് ലഭിക്കുന്ന സംവിധാനം നടപ്പിലാക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. അടുത്ത തെരഞ്ഞെടുപ്പ് മുതൽ തന്നെ വോട്ടർ വേരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രെയിൽ(വിവിപാറ്റ്) നടപ്പിലാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നസീം സൈദി അറിയിച്ചു. ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനിൽ തിരിറി നടക്കുവാനുള്ള സാധ്യത തെളിയിക്കാൻ എല്ലാ പാർട്ടികൾക്കും അവസരം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

വോട്ടിങ്ങ് മെഷീനിൽ ക്രമക്കേട് നടക്കുന്നുണ്ടെന്നും ഏത് പാർട്ടിക്ക് വോട്ട് ചെയ്താലും ബിജെപിക്കാണ് അത് ലഭിക്കുന്നതെന്നും വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് വിളിച്ച് ചേർത്ത സർവകകക്ഷി യോഗത്തിലാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഇക്കാര്യം വിശദീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു പാർട്ടിയോടും പ്രത്യേകിച്ച് താൽപര്യം ഒന്നുമില്ലെന്നും എല്ലാ പാർട്ടികളോടും സമദൂരം പാലിച്ചാണ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിപാറ്റ് സംവിധാനം നിലവിൽ വരുന്നതോടെ ഏതു പാർട്ടിക്കാണ് വോട്ട് ചെയ്തതെന്ന് പേപ്പർ രസീത് നോക്കി വോട്ടർക്ക് ഉറപ്പിക്കാനാകും. എന്നാൽ ഈ രസീതുകൾ കൊണ്ട് പോകാൻ വോട്ടറെ അനുവദിക്കില്ല. ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനിലെ തിരിമറി സാധ്യത തെളിയിക്കാൻ എല്ലാ പാർട്ടികൾക്കും രണ്ട് ദിവസം കൂടിയാണ് അനുവദിക്കുക.

ആംആദ്മി പാർട്ടി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ബിജെപിക്കെതിരെയും രംഗത്ത് വന്നിരുന്നു. വിഷയം ഉന്നയിച്ച് പ്രതിപക്ഷ കക്ഷികൾ പ്രസിഡന്റിനെ കാണുകയും ചെയ്തിരുന്നു. ഡല്‍ഹി നിയമസഭയില്‍ ആംആദ്മി പാര്‍ട്ടി വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താന്‍ സാധിക്കുമെന്ന് ലൈവായി കാണിച്ചത് സംശയം വർദ്ധിക്കാനും കാരണമായി. തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സർവകക്ഷി യോഗം വിളിച്ച് സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook