scorecardresearch

മാധ്യങ്ങളെ വിലക്കണമെന്ന ആവശ്യം: തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഭിന്നത

പ്രചാരണ റാലികളില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്നതില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ തടയാതിരുന്നതിനാണ് മദ്രാസ് ഹൈക്കോടതിക്കെതിരെ ഏപ്രില്‍ 26 ന് കടുത്ത വിമര്‍ശനമുന്നയിച്ചത്

മാധ്യങ്ങളെ വിലക്കണമെന്ന ആവശ്യം: തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഭിന്നത

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിലെ കടമ സംബന്ധിച്ച് മദ്രാസ് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഭിന്നത. ജഡ്ജിമാരുടെ വാക്കാലുള്ള നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ തടയണമെന്ന് മദ്രാസ് ഹൈക്കോടതിയില്‍ കമ്മിഷന്‍ അപേക്ഷയും നല്‍കിയതിനും ഹൈക്കോടതിയുടെ ”കൊലപാതകക്കുറ്റം” പരാമര്‍ശത്തിനെതിരെ സുപ്രീം കോടതിയില്‍ പ്രത്യേക അവധി അപേക്ഷ നല്‍കിയതിനും കമ്മിഷന്‍ ഏകകണ്ഠമായ അംഗീകാരമില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിനു വിവരം ലഭിച്ചു.

മദ്രാസ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ ഉള്ളടക്കത്തെ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരില്‍ ഒരാള്‍ ശക്തമായി എതിര്‍ത്തു. മാധ്യമങ്ങളെ തടയണമെന്ന ആവശ്യത്തിനെതിരെ അദ്ദേഹം നിലപാടെടുത്തതായി പറയപ്പെടുന്നു. അദ്ദേഹത്തിന്റെ അഭിപ്രായം കമ്മിഷനിലെ നിരവധി ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്‌തെങ്കിലും നിരാകരിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ (സിഇസി) സുനില്‍ അറോറ ഏപ്രില്‍ 12 നു വിരമിച്ചിരുന്നു. തുടര്‍ന്ന് സുശീല്‍ ചന്ദ്രയെ സിഇസിയായും രാജീവ് കുമാറിനെ തിരഞ്ഞെടുപ്പ് കമ്മിഷണറായും നിയമിച്ചു. മൂന്നാമത്തെ കമ്മിഷണറുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.

പ്രചാരണ റാലികളില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്നതില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ തടയാതിരുന്നതിനാണ് മദ്രാസ് ഹൈക്കോടതിക്കെതിരെ ഏപ്രില്‍ 26 ന് കടുത്ത വിമര്‍ശനമുന്നയിച്ചത്. ”ഇന്നത്തെ അവസ്ഥയ്ക്ക് ഉത്തരവാദികളായ ഒരേയൊരു സ്ഥാപനം” എന്ന കാരണത്താല്‍ കമ്മിഷനെതിരെ കൊലപാതകക്കുറ്റം ചുമത്തണമെന്നായിരുന്നു ഹൈക്കോടതിയുടെ വാക്കാലുള്ള നിരീക്ഷണം.

മദ്രാസ് ഹൈക്കോടതി കുറ്റപ്പെടുത്തലിനു ശേഷം, സ്ഥാനാര്‍ത്ഥികളെയും കൗണ്ടിങ് ഏജന്റുമാരെയും നിര്‍ബന്ധിത കോവിഡ് പരിശോധനയ്ക്കു വിധേയമാക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചിരുന്നു. വോട്ടെണ്ണല്‍ ദിനമായ മേയ് രണ്ടിനു വിജയാഹ്ലാദ പ്രകടനങ്ങള്‍ നിരോധിക്കുകയും ചെയ്തു.

ഉത്തരവുകളിലോ വിധിന്യായങ്ങളിലോ രേഖപ്പെടുത്തിയിരിക്കുന്ന നിരീക്ഷണങ്ങളില്‍ മാത്രമേ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാവൂയെന്നും കോടതി നടപടികള്‍ക്കിടെ നടത്തിയ വാക്കാലുള്ള പ്രസ്താവനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു വിലക്കണമെന്നുമായിരുന്നു കമ്മിഷന്റെ ആവശ്യം. എന്നാല്‍ ഹൈക്കോടതി അപേക്ഷ സ്വീകരിച്ചില്ല.

കേസുകള്‍ കേള്‍ക്കുന്നതിനിടെ ജഡ്ജിമാര്‍ നടത്തിയ നിരീക്ഷണങ്ങള്‍ വലിയ പൊതുതാല്‍പര്യത്തിലാണെന്നും അവ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടയാന്‍ കഴിയില്ലെന്നും തിങ്കളാഴ്ച വാദം കേട്ട സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ഹര്‍ജിയില്‍ നാളെ ഉത്തരവുണ്ടാകുമെന്നാണ് കരുതുന്നത്.

അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് വിവിധ കക്ഷികള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ നിശിത വിമര്‍ശമുയര്‍ത്തിയിരുന്നു. ഇക്കൂട്ടത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് ഏറ്റവും ആരോപണമുയര്‍ത്തിയത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബംഗാളില്‍ പ്രചാരണം അവസാനിപ്പിക്കുകയോ പ്രചാരണ തിയതി പുനര്‍ നിര്‍ണയിക്കുകയോ ചെയ്യണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും നേരത്തെ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ദിവസം ബംഗാളില്‍ നടത്താനിരുന്ന നാല് റാലികള്‍ റദ്ദാക്കി ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ഏപ്രില്‍ 22 ന് പ്രചാരണത്തിനു കമ്മിഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലും തിരഞ്ഞെടുപ്പ് കമ്മിഷന്‍ കടുത്ത ഭിന്നതയുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കുന്നതിനെ അന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലാവാസ എതിര്‍ക്കുകയായിരുന്നു.

തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ, ലാവാസയുടെ ഭാര്യ ഉള്‍പ്പെടെ കുടുംബത്തിലെ മൂന്നുപേര്‍ക്കെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം ആരംഭിച്ചു. വരുമാനം അറിയിക്കാത്തതിനും വരവില്‍ കവിഞ്ഞ സ്വത്ത് സംബന്ധിച്ചുമായിരുന്നു അന്വേഷണം. അദ്ദേഹത്തിന്റെ മകന്‍ അബിര്‍ ലാവാസയുടെ കമ്പനിയായ നൊറിഷ് ഓര്‍ഗാനിക്കിനും സഹോദരിയും ശിശുരോഗവിദഗ്ധയുമായ ശകുന്തള ലാവാസ എന്നിവര്‍ക്കും ആദായനികുതി നോട്ടീസ് നല്‍കി. ആദായനികുതി വകുപ്പ് ഉന്നയിച്ച ആരോപണങ്ങള്‍ കുടുംബാംഗങ്ങള്‍ നിഷേധിച്ചു.

ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കില്‍ വൈസ് പ്രസിഡന്റാകുന്നതിനായി അശോക് ലാവാസ ഓഗസ്റ്റില്‍ തിരഞ്ഞെടുപ്പ് കമ്മിഷനില്‍നിന്നു രാജിവച്ചിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Election commission divided one ec objects to panel asking court for gag order on media