ബെംഗളൂരു: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തിയ ആര്‍ആര്‍ നഗറിലെ വോട്ടെടുപ്പ് മാറ്റിവച്ചു. പതിനായിരത്തോളം വരുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് മെയ് 28 ലേക്ക് മാറ്റിവച്ചത്. മെയ് 31നാവും വോട്ടെണ്ണല്‍.

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിന് മൂന്നു ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് പതിനായിരത്തോളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടികൂടിയത്. രാജരാജേശ്വരി നഗറിലെ ജലഹളളിയിലുള്ള ഫ്‌ളാറ്റില്‍ ചൊവ്വാഴ്ച രാത്രി തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്‌ളൈയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലായിരുന്നു കണ്ടെത്തല്‍.

ചെറിയ കവറുകളിലായിട്ടായിരുന്നു തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടായിരുന്നതെന്ന് കര്‍ണാടക മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജീവ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അപ്പാര്‍ട്‌മെന്റില്‍നിന്നും 5 ലാപ്‌ടോപ്പുകളും ഒരു പ്രിന്ററും കണ്ടെടുത്തതായും അദ്ദേഹം അറിയിച്ചു. മഞ്ജുള നന്‍ജമാരി എന്നയാളുടെ പേരിലാണ് അപ്പാര്‍ട്‌മെന്റ്. രാകേഷ് എന്നൊരാളാണ് ഇവിടെ വാടകയ്ക്ക് താമസിക്കുന്നത്.

തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെടുത്ത അപ്പാര്‍ട്‌മെന്റിന് കോണ്‍ഗ്രസ് നേതാവുമായി ബന്ധമുണ്ടെന്നും ആര്‍ആര്‍ നഗറിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമായിരുന്നു ബിജെപിയുടെ ആവശ്യം. പ്രാദേശിക ബിജെപി നേതാവിന്റെ അപ്പാര്‍ട്‌മെന്റാണ് ഇതെന്നും അതില്‍ റെയ്ഡ് നടന്നതോടെ ബിജെപി നാടകം കളിക്കുകയാണെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചു. ബിജെപിയുടെ കളളത്തരം പുറത്തായിരിക്കുന്നു. തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആവശ്യപ്പെട്ടിരുന്നു.

4.71 വോട്ടര്‍മാരാണ് രാജരാജേശ്വരി നഗറിലുളളത്. 2013 ല്‍ ഇവിടെനിന്നും മല്‍സരിച്ച് ജയിച്ച മുനിരത്‌നയാണ് ഇത്തവണത്തെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. മുനിരഞ്ജു ഗൗഡയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ