അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഇലക്ട്രോണിക് പരസ്യങ്ങള്‍ വഴി ‘പപ്പു’ എന്ന വാക്ക് ഉപയോഗിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് ബിജെപി നേതാക്കള്‍ നേരത്തേ ‘പപ്പു’ എന്ന വാക്ക് ഉപയോഗിക്കാറുണ്ടായിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സോഷ്യല്‍മീഡിയയില്‍ പരസ്യങ്ങളും പ്രചരണങ്ങളും ഉണ്ടാക്കി ബിജെപി ഈ അടവ് വ്യാപകമായി ഉപയോഗിച്ചു. ഇതിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

എന്നാല്‍ പരസ്യങ്ങളിലെ വാക്ക് ആരേയും വ്യക്തിപരമായി ലക്ഷ്യമിട്ട് അല്ലെന്ന് ബിജെപി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സംബന്ധമായ പരസ്യങ്ങള്‍ ഉണ്ടാക്കുന്നതിന് മുമ്പ് അതിന്റെ സ്ക്രിപ്റ്റ് ഹാജരാക്കണമെന്ന് ഗുജറാത്ത് മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷന്റെ കീഴിലുളള മാധ്യമ കമ്മറ്റി അറിയിച്ചു. ‘പപ്പു’ എന്ന വാക്ക് അധിക്ഷേപപരമായി ഉപയോഗിക്കുന്നതാണെന്നും എല്ലാ പരസ്യങ്ങളില്‍ നിന്നും ഇത് നീക്കം ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതായി ബിജെപി നേതാക്കള്‍ വ്യക്തമാക്കി.

‘പപ്പു’ എന്ന വാക്ക് പ്രത്യക്ഷത്തില്‍ ആരേയും വ്യക്തിപരമായി സൂചിപ്പിക്കാത്തത് കൊണ്ട് തന്നെ ഇത് ഉപയോഗിക്കാന്‍ സമ്മതിക്കണമെന്ന് ബിജെപി കമ്മീഷനെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് തളളുകയായിരുന്നു. വാക്ക് നീക്കം ചെയ്ത് പുതിയ തിരക്കഥ ഉണ്ടാക്കി തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ ഹാജരാക്കുമെന്ന് ഗുജറാത്തില്‍ നിന്നുളള മുതിര്‍ന്ന ബിജെപി നേതാവ് അറിയിച്ചു.

രാഹുൽ ഗാന്ധിയെ പരിഹസിക്കുന്നതിനായി ബിജെപി രൂപപ്പെടുത്തിയ ഈ ഹാഷ് ടാഗ് ബൂമറാങ്ങുപോലെ തിരിച്ചടിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ പപ്പു രാഹുലല്ല മറിച്ച്, മോദിയാണ് എന്ന പ്രചരണം ഉണ്ടായിരുന്നു. ബിജെപിയും സംഘപരിവാറും സൃഷ്‌ടിച്ച പപ്പു ടാഗിലൂടെ സ്വന്തം പാർട്ടി പ്രവർത്തകർക്കിടയിൽ പോലും പരിഹാസത്തിനു പത്രമായിരുന്നു കോൺഗ്രസ് ഉപാധ്യക്ഷൻ. എന്നാൽ ഇത്തരം അപഹസിക്കലുകളെയെല്ലാം മറികടന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത തിരിച്ചുവരവാണ് രാഹുൽ ഇപ്പോൾ നടത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി മോദിയെയും അദ്ദേഹത്തിന്റെ ജനദ്രോഹ നയങ്ങളെയും കണക്കറ്റ് പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്ന രാഹുലിന് ട്വിറ്ററില്‍ ഏറെ സ്വീകാര്യതയും ലഭിച്ചു. തന്നെ കളിയാക്കാൻ ഉപയോഗിച്ച ഷെഹ്‌സാദ് എന്ന ടാഗും ഇപ്പോൾ രാഹുൽ മോഡിക്കെതിരെ ഉപയോഗിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ