Latest News

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം: വിജയാഹ്ളാദ പ്രകടനങ്ങള്‍ക്കു വിലക്ക്

കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്നതില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ തടയാതിരുന്നതിന് കമ്മിഷനെ മദ്രാസ് ഹൈക്കോടതി ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു

Covid-19 cases, election campaigning, election Covid-19, Madras HC Covid-19

ന്യൂഡല്‍ഹി: കോവിഡ്-19 രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ വോട്ടെണ്ണല്‍ സമയത്തും തുടര്‍ന്നുമുള്ള വിജയാഹ്ളാദ പ്രകടനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരോധിച്ചു. കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്നതില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ തടയാതിരുന്നതിന് കമ്മിഷനെ മദ്രാസ് ഹൈക്കോടതി ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണു കമ്മിഷന്റെ തീരുമാനം.

കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, പശ്ചിമബംഗാള്‍, അസം നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മേയ് രണ്ടിനാണു നടക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്നതില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ തടയാതിരുന്നതിനായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശം. ”ഇന്നത്തെ അവസ്ഥയ്ക്ക് നിങ്ങള്‍ക്ക് മാത്രമാണ് ഉത്തരവാദിത്തം,” എന്നായിരുന്നു കമ്മിഷനെ ലക്ഷ്യമിട്ട് ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജിയുടെയും ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിയുടെയും ബെഞ്ച് പറഞ്ഞത്. കമ്മിഷനെതിരെ കൊലപാതകക്കുറ്റം ചുമത്താമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

‘നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അധികാരം പ്രയോഗിക്കുന്നതിനുള്ള പരിമിതികളില്ല. കോവിഡ് പ്രോട്ടോക്കോള്‍ സംരക്ഷിക്കണമെന്ന കോടതി ആവര്‍ത്തിച്ചുള്ള ഉത്തരവുണ്ടായിട്ടും ‘രാഷ്ട്രീയപാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് റാലികള്‍ നടത്തുന്നത് തടയാന്‍ നിങ്ങള്‍ ഒരു നടപടിയും സ്വീകരിച്ചില്ല,” ഹൈക്കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് റാലികള്‍ നടക്കുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മറ്റൊരു ഗ്രഹത്തിലായിരുന്നോ” എന്നും കോടതി ആരാഞ്ഞു.

Also Read: കോവിഡ് ആശങ്ക: പണം പിൻവലിക്കുന്നത് കുത്തനെ ഉയരുന്നു

‘മേയ് രണ്ടിനു നടക്കുന്ന വോട്ടെണ്ണല്‍ കോവിഡിന്റെ കൂടുതല്‍ കുതിച്ചുചാട്ടത്തിന് ഉത്തേജകമായി മാറരുത്. പൊതുജനാരോഗ്യം പരമപ്രധാനമാണ്. ഇക്കാര്യം ഭരണഘടനാ അധികാരികളെ ഓര്‍മിപ്പിക്കേണ്ടി വരുന്നത് സങ്കടകരമാണ്,” കോടതി പറഞ്ഞു.

ബെംഗാളില്‍ എട്ടും അസമില്‍ നാലും മറ്റു സംസ്ഥാനങ്ങളില്‍ ഒറ്റ ഘട്ടവുമായാണു തിരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കോവിഡ് കുതിച്ചുചാട്ടത്തിനിടയിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്താന്‍ കമ്മിഷന്‍ തയാറാവുന്നില്ലെന്ന് പരക്കെ വിമര്‍ശനമുയര്‍ന്നു. തുടര്‍ന്ന് ഏപ്രില്‍ 22 മുതല്‍ ബംഗാളില്‍ പ്രചാരണത്തിന് കമ്മിഷന്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. റോഡ് ഷോകള്‍, വാഹന റാലികള്‍, അഞ്ഞൂറിലധികം പേരുടെ പൊതുയോഗങ്ങള്‍ എന്നിവയ്ക്കു കമ്മിഷന്‍ നിരോധനം ഏര്‍പ്പെടുത്തി. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാല് തിരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി.

കേരളത്തിൽ വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ളാദ പ്രകടനങ്ങള്‍ ഒഴിവാക്കാൻ ഇന്നലെ നടന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ പോകേണ്ടതില്ലെന്നും യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മേയ് ഒന്നാം തീയതി അര്‍ധരാത്രി മുതല്‍ രണ്ടാം തീയതി അര്‍ധരാത്രി വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികൾ ഹൈക്കോടതി ഇന്നു പരിഗണിക്കുന്നുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Election commission bans victory processions during and after counting of votes on may 2

Next Story
കോവിഡ് ആശങ്ക: പണം പിൻവലിക്കുന്നത് കുത്തനെ ഉയരുന്നുcovid19, coronavirus, india covid situation, Reserve Bank of India, India cash dependency, RBI, household financial savings, India GDP, coronavirus impact on household savings,ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com