ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ രണ്ടാമൂഴം, പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയുടെ ആധിപത്യം, ഉത്തരഖണ്ഡിലും ഗോവയിലും കടുത്ത പോരാട്ടം, മണിപ്പൂരില്‍ ബിജെപിയുടെ മുന്നേറ്റം…നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ ഒരു രാത്രി മാത്രം മുന്നില്‍ നില്‍ക്കെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ.
ഉത്തര്‍ പ്രദേശില്‍ രണ്ട് എക്സിറ്റ് പോള്‍ ഫലങ്ങളൊഴികെ എല്ലാവരും ബിജെപി കേവല ഭൂരിപക്ഷം അനായാസം നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ നാല് പതിറ്റാണ്ടായി യുപിയില്‍ കണ്ടുവരുന്ന രാഷ്ട്രിയ മാറ്റങ്ങള്‍ക്ക് അവസാനമാകും. 1985 ന് ശേഷം ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം നല്കാന് യുപിയിലെ വോട്ടര്‍മാര്‍ തയാറായിട്ടില്ല. സമാജ്വാദി പാര്‍ട്ടി (എസ് പി) – രാഷ്ട്രീയ ലോക് ദള്‍ സഖ്യം പ്രചാരണ രംഗത്ത് മികവ് കാട്ടിയെങ്കിലും ഫലങ്ങളില്‍ അതുണ്ടാകുമോ എന്ന് കണ്ടറിയണം. 2017 നേക്കാള്‍ മെച്ചപ്പെട്ട നിലയിലേക്ക് സഖ്യത്തിന് എത്താനാകുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് രണ്ടക്കത്തിലേക്കെത്തില്ലെന്നും പ്രവചനമുണ്ട്.
2017 ല്‍ ചരിത്ര ജയമായിരുന്നു ബിജെപി സ്വന്തമാക്കിയത്. 403 ല്‍ 312 സീറ്റുകളും സ്വന്തമാക്കി. അപ്ന ദള്‍ (9), എസ് ബി എസ് പിയും (4) ചേര്‍ന്നപ്പോള്‍ 325 സീറ്റായി ഉയരുകയും ചെയ്തു. കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് മത്സരിച്ച എസ് പിക്ക് നേടാനായത് വെറും 47 സീറ്റുകള്‍ മാത്രമായിരുന്നു.
പഞ്ചാബില്‍ ആംആദ്മിക്ക് അനായസ ജയമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. എക്സിറ്റ് ഫോള്‍ ശരിവക്കുന്ന ഫലമാണ് വരുന്നതെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ കോളിളക്കം സൃഷ്ടിക്കുന്ന ഒന്നായി മാറും. ബിജെപിക്കും കോണ്‍ഗ്രസിനും പുറമെ മറ്റൊരു പാര്‍ട്ടികൂടി ഒന്നിലധികം സംസ്ഥാനങ്ങളില്‍ ഭരണത്തിലേക്ക് എത്തും. 2017 ല്‍ 117 സീറ്റില്‍ 77 എണ്ണവും സ്വന്തമാക്കിയായിരുന്നു കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തത്. പഞ്ചാബില്‍ ആദ്യമായി തിരഞ്ഞെടുപ്പ് നേരിട്ട ആംആദ്മിക്ക് അന്ന് 20 സീറ്റുകള്‍ ലഭിച്ചു. അകാലി ദള്‍ – ബിജെപി സഖ്യത്തിന് 18 സീറ്റുകളാണ് നേടാനായത്.
ഉത്തരാഖണ്ഡിലേക്ക് എത്തുമ്പോള്‍ ഭരണകക്ഷിയായ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കടുത്ത പോരാട്ടമാണ്. ചില എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നുണ്ട്. എന്നാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് എത്തുമെന്നാണ് മറ്റുള്ളവരുടെ എക്സിറ്റ് പോള്‍ ഫലസൂചനകള്‍. ഒരു പാര്‍ട്ടിയും 40 സീറ്റുകള്‍ കടക്കില്ലെന്ന് എല്ലാ എക്സിറ്റ് പോളുകളും ഒരേ സ്വരത്തില്‍ പറയുന്നു. 2000 ന് ശേഷം ഒരു പാര്‍ട്ടിക്കും സംസ്ഥാനത്ത് തുടര്‍ഭരണം സാധ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. 2017 ല്‍ നരേന്ദ്ര മോദി പ്രവാഹത്തില്‍ 70 ല്‍ 57 മണ്ഡലങ്ങളിലും ബിജെപി വിജയം നേടി. കോണ്‍ഗ്രസ് 11 സീറ്റുകളിലേക്ക് ചുരുങ്ങി. രണ്ട് മണ്ഡലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും വിജയിച്ചു.
ഉത്തരാഖണ്ഡ് പോലെ ഗോവയിലും സമാന സാഹചര്യമാണ്. 40 അംഗങ്ങളുള്ള സഭയില്‍ കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. 17 സീറ്റുകളാണ് നേടിയത്. എന്നാല്‍ 13 മണ്ഡലങ്ങളില്‍ വിജയിച്ച ബിജെപി ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയേയും എംജിപിയേയും കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിച്ചു.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള സാഹചര്യം നേരിടാനുള്ള തയാറെടുപ്പുകള്‍ ഇതിനോടകം തന്നെ ഉത്തരാഖണ്ഡിലേയും ഗോവയിലേയും തലസ്ഥാന നഗരങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞു. ഗോവയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും നേതാക്കന്മാരും ബാംബോലിമിലെ ഒരു ഹോട്ടലില്‍ യോഗം ചേര്‍ന്നു. ഉത്തരാഖണ്ഡിലും സമാന നീക്കത്തിനായി കോണ്‍ഗ്രസ് ഒരുങ്ങുകയാണ്. അതേസമയം ഗോവന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും സന്ദര്‍ശിച്ചു.
ഡെറാഡൂണില്‍ ബിജെപി നേതാവ് കൈലാഷ് വിജയ്വര്ഗിയയുടെ നീക്കങ്ങള്‍ കോണ്‍ഗ്രസ് ഭയത്തോടെയാണ് നോക്കിക്കാണുന്നത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്നു ഹാരിഷ് റാവത്തിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ പടയൊരുക്കം നടന്നതിന് പിന്നില്‍ കൈലാഷാണെന്നാണ് പറയപ്പെടുന്നത്. സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് എത്തിയപ്പോള്‍ റാവത്തിനുണ്ടായ അതൃപ്തി കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് തന്നെ കാരണമായി. 11 സീറ്റുകള്‍ മാത്രമായി കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റാവത്ത് തന്നെയാണ് കോണ്‍ഗ്രസിനെ നയിച്ചത്.
എന്നാല്‍ മണിപ്പൂരില്‍ ബിജെപിയുടെ ജയം ഉറപ്പാണെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. 2017 ല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. 60 അംഗങ്ങളുള്ള സഭയില്‍ 28 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. എന്നാല്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, ലോക് ജന്‍ശക്തി പാര്‍ട്ടി, എന്നിവര്‍ക്കൊപ്പം ഒരു സ്വതന്ത്രനേയും കൂട്ടുപിടിച്ച് ബിജെപി മാന്ത്രിക സംഖ്യയായ 31 ലെത്തി. 21 സീറ്റുകളായിരുന്നു ബിജെപി ഒറ്റയ്ക്ക് നേടിയത്.