/indian-express-malayalam/media/media_files/uploads/2019/05/Kejriwal.jpg)
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ തിരഞ്ഞെടുപ്പ് റാലിക്കിടെ മുഖത്തടിച്ച യുവാവ് ഖേദപ്രകടനവുമായി രംഗത്ത്. അന്ന് സംഭവിച്ചതില്‍ തനിക്ക് അതിയായ ദുഃഖമുണ്ടെന്ന് സുരേഷ് എന്ന യുവാവ് പറഞ്ഞു. താന്‍ എന്തിനാണ് കേജ്‌രിവാളിനെ അടിച്ചതെന്ന് പോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
'അന്ന് എന്തിനാണെന്നോ എങ്ങനെയാണെന്നോ അത് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. ജയിലില്‍ പോയതിന് ശേഷമാണ് ഞാന്‍ ചെയ്ത കാര്യത്തില്‍ എനിക്ക് പശ്ചാത്താപം തോന്നിയത്,' സുരേഷിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ പ്രവൃത്തികളില്‍ നിരാശ തോന്നിയാണ് കേജ്‌രിവാളിനെ തല്ലിയതെന്ന് യുവാവ് പറഞ്ഞതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
'ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും എനിക്ക് ബന്ധമില്ല. അങ്ങനെ ചെയ്യാന്‍ എന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല. പൊലീസ് എന്നോട് മോശമായി പെരുമാറിയിട്ടും ഇല്ല. ഞാന്‍ ചെയ്തത് തെറ്റാണെന്നാണ് അവര്‍ എന്നോട് പറഞ്ഞത്,' സുരേഷ് പറഞ്ഞു.
തിരഞ്ഞെടുപ്പ് റോഡ് ഷോയ്ക്കിടെയായിരുന്നു കേജ്‌രിവാളിന് നേരെ ആക്രമണം ഉണ്ടായത്. സ്പെയര്‍ പാര്‍ട്സ് കട നടത്തുന്ന സുരേഷ് എന്നയാളാണ് കേജ്‌രിവാളിനെ ആക്രമിച്ചത്. തുറന്ന ജീപ്പില്‍ സഞ്ചരിക്കുകയായിരുന്ന കേജ്‌രിവാളിന്റെ മുഖത്തടിക്കുകയായിരുന്നു ഇയാള്‍. സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നെങ്കില്‍ യുവാവ് ആം ആദ്മിക്കാരനാണെന്നായിരുന്നു ബിജെപിയുടെ വാദം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സംസാരിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് തനിക്കു കിട്ടിയ അടിയെന്ന് കേജ്‌രിവാള്‍ പറഞ്ഞു. ആംആദ്മി പാര്‍ട്ടിയെ നശിപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും പ്രധാനമന്ത്രി രാജിവച്ചേ മതിയാകൂവെന്നും കേജ്‌രിവാള്‍ വ്യക്തമാക്കി.
‘ഒരു മുഖ്യമന്ത്രി ആക്രമിക്കപ്പെട്ട ശേഷം കേന്ദ്രസര്‍ക്കാര്‍ പറയുന്നത് പരാതി ലഭിച്ചിട്ടില്ലെന്നാണ്. പരാതി ലഭിക്കാതെ തുടര്‍നടപടികളുമായി പോകാന്‍ പറ്റില്ലെന്നാണ്. കേജ്‌രിവാളിനെതിരായ ആക്രമണമല്ലിത്. ഡല്‍ഹിയുടെ അധികാരത്തിന്‍ മേലുള്ള ആക്രമണമാണിത്. ജനങ്ങള്‍ ഇതിനു മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്തുണ അറിയിച്ചെന്നും കേജ്‌രിവാള്‍ വ്യക്തമാക്കി.
‘കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എനിക്കു നേരെയുണ്ടാകുന്ന ഒമ്പതാമത്തെ ആക്രമണമാണിത്. മുഖ്യമന്ത്രിയായ ശേഷമുണ്ടാകുന്ന അഞ്ചാമത്തെ ആക്രമണവും. സ്വന്തം സുരക്ഷ പ്രതിപക്ഷ പാര്‍ട്ടിയുടെ കൈകളിലുള്ള രാജ്യത്തെ ഒരേയൊരു മുഖ്യമന്ത്രിയാണ് ഞാന്‍.’- അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.