ന്യൂഡല്‍ഹി: മുസ്ലിം വയോധികനെ സംഘം ചേര്‍ന്ന് ആക്രമിച്ച് ‘ജയ് ശ്രീ റാം’ വിളിക്കാന്‍ നിര്‍ബന്ധിച്ചതായി പരാതി. ഗാസിയാബാദിലെ ലോണിയിലാണു സംഭവം.
ജൂണ്‍ അഞ്ചിനു നടന്ന സംഭവത്തിന്റെ വിഡിയോ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തതെന്നു പൊലീസ് പറഞ്ഞു. രണ്ടു പ്രതികളെങ്കിലും ഒരാളെ മര്‍ദിക്കുന്നത് വിഡിയോയില്‍ കാണാമെന്നു പൊലീസ് വ്യക്തമാക്കി.ലോണിയിലേക്കു യാത്ര ചെയ്ത ബുലന്ദ്ഷഹര്‍ സ്വദേശിയായ അബ്ദുള്‍ സമദ് സൈഫിയാണ് ആക്രമിക്കപ്പെട്ടത്. തന്റെ മതം കാരണമാണ് തന്നെ ലക്ഷ്യമിട്ടതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
”ഒരു വയോധികനെ ആക്രമിച്ച വീഡിയോ പ്രചരിപ്പിക്കപ്പെട്ടത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. പ്രധാന പ്രതികളിലൊരാള്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. പ്രദേശവാസികളെ ചോദ്യം ചെയ്തുവരികയാണ്. മറ്റ് നടപടികളും സ്വീകരിക്കും,” ലോണി സര്‍ക്കിള്‍ ഓഫിസര്‍ അതുല്‍ കുമാര്‍ സോങ്കര്‍ പറഞ്ഞു.
സൈഫിയെ ഒരാള്‍ മര്‍ദിക്കുന്നതും താടി മുറിക്കാന്‍ ശ്രമിക്കുന്നതും അദ്ദേഹം അക്രമികളില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. ഗാസിയാബാദ് സ്വദേശിയായ പ്രവേഷ് ഗുജ്ജാറാണ് വിഡിയോയില്‍ കാണുന്ന കുറ്റാരോപിതന്‍. ഇയാള്‍ക്ക് എന്തെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
Also Read: ചിരാഗിനെതിരെ എൽജെപിയിൽ കലാപം; പശുപതി പരസ് പുതിയ നേതാവ്
താന്‍ നേരിട്ട അഗ്നിപരീക്ഷ വിവരിക്കുന്ന വീഡിയോ സൈഫി പിന്നീട് പുറത്തുവിട്ടു. ”അതിര്‍ത്തിക്കു സമീപം ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന എന്നെ മുന്നില്‍ ഇരുന്ന രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയി. ഒറ്റപ്പെട്ട കാട്ടിലേക്കു കൊണ്ടുപോയ എന്നെ അവര്‍ മര്‍ദിക്കാന്‍ തുടങ്ങി. എന്നെ വിടാന്‍ ഞാന്‍ അവരോട് യാചിച്ചുകൊണ്ടിരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഞാന്‍ അല്ലാഹുവിന്റെ പേര് പറയുന്നുണ്ടോ എന്ന് ചോദിച്ച അവര്‍ ‘ജയ് ശ്രീ റാം’ ആവര്‍ത്തിച്ച് വിളിക്കാന്‍ ആവശ്യപ്പെട്ടു. പുറത്ത് അടിച്ച അവര്‍, ഞാന്‍ ‘ജയ് ശ്രീ റാം’ വിളിക്കണമെന്ന് നിര്‍ബന്ധിച്ചു,” സൈഫി ഒരു വീഡിയോയില്‍ പറഞ്ഞു.
”വേദന സഹിക്കാന്‍ കഴിയാത്തവിധം അവര്‍ എന്നെ തല്ലി. കത്രിക ഉപയോഗിച്ച് താടി മുറിച്ചു. ജീവന്റെ കാര്യത്തില്‍ ഞാന്‍ ഭയപ്പെടുന്നു”എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണത്തില്‍ അഞ്ചുപേര്‍ ഉള്‍പ്പെട്ടതായി സൈഫി വീഡിയോയില്‍ പറയുന്നു.