ഹെവി മെറ്റല്‍ മ്യൂസിക് ഫെസ്റ്റിവല്‍ കാണാന്‍ വയോജന കേന്ദ്രത്തിന്റെ മതിലുചാടി രണ്ട് സുഹൃത്തുക്കള്‍

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ ‘കാബറെ’ കാണാന്‍ പോവണമെന്ന് ചാച്ചന്‍ പറയുന്നൊരു രംഗമുണ്ട്

ബെർലിൻ: ‘നമ്മള്‍ ഓച്ചിറ ഉത്സവത്തിന് കാബറെ കാണാന്‍ പോയത് ഓര്‍മ്മയുണ്ടോ? എനിക്ക് ഒന്നുകൂടെ കാബറെ കാണാന്‍ പോണം…’ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ മഹേഷിന്റെ ചാച്ചന്‍ ബേബിയോട് പറയുന്ന സംഭാഷണമാണിത്. ഉറ്റസുഹൃത്തുക്കളായ ആര്‍ട്ടിസ്റ്റ് ബേബിയായി അലന്‍സിയറും ചാച്ചനായി ആന്റണിയും തകര്‍ത്ത് അഭിനയിച്ച രംഗം. ആഗ്രഹങ്ങള്‍ക്ക് പ്രായമില്ലെന്ന് കാണിച്ച രംഗം.

എന്നാല്‍ ചിത്രത്തില്‍ ഇരുവരും കാബറെ കാണാന്‍ പോയില്ലെങ്കിലും ജീവിതത്തില്‍ രണ്ട് പ്രായമായ സുഹൃത്തുക്കള്‍ ഒരു സംഗീതക്കച്ചേരി ആസ്വദിക്കാന്‍ പോയി. അതും വയോജന പരിചരണ കേന്ദ്രത്തില്‍ നിന്നും ഒളിച്ചോടിയാണ് ഇവര്‍ റോക്ക് മ്യൂസിക് ഷോ കാണാനെത്തിയത്.

ഹെവി മെറ്റല്‍ മ്യൂസിക്കിന്റെ മെക്കയെന്ന് അറിയപ്പെടുന്ന വാക്കണ്‍ ഓപ്പണ്‍ എയര്‍ ഫെസ്റ്റിവല്‍ കാണാനാണ് വൃദ്ധ സുഹൃത്തുക്കള്‍ മതിലു ചാടിയത്. രാത്രിയോടെ ഇരുവരും ഫെസ്റ്റിവലിലെത്തി ആടിത്തിമിര്‍ത്തു. ഒരു ലക്ഷത്തോളം പേര്‍ പങ്കെടുത്ത സംഗീത സാഗരത്തില്‍ ഇവര്‍ ഊളിയിടുന്ന സമയം വയോജന കേന്ദ്രത്തില്‍ ഇവര്‍ക്കായി തിരച്ചില്‍ നടക്കുകയായിരുന്നു. ഇരുവരേയും കാണാതായതോടെ ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കി. പുലര്‍ച്ചെ മൂന്ന് മണിക്കാണ് കിളിപോയ അവസ്ഥയില്‍ ഇരുവരേയും പൊലീസ് കണ്ടെത്തിയത്.

ഇരുവര്‍ക്കും മെറ്റല്‍ ഫെസ്റ്റിവല്‍ ഏറെ ഇഷ്ടമുണ്ടായിരുന്നതായാണ് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഇവരെ ഉടന്‍ തന്നെ പൊലീസ് വയോജന കേന്ദ്രത്തില്‍ തിരിച്ചെത്തിച്ചു. ലോകത്തെ പല കോണില്‍ നിന്നും ഹെവി മെറ്റല്‍ സംഗീത ആസ്വാദകരെത്തുന്ന ഇടമാണ് വാക്കണ്‍ ഓപ്പണ്‍ എയര്‍ ഫെസ്റ്റിവല്‍. 1990ലാണ് ഫെസ്റ്റിവല്‍ ആദ്യമായി നടത്തിയത്. ഇപ്പോള്‍ ഒരു ലക്ഷത്തോളം പേര്‍ ഓരോ വര്‍ഷവും ഇതില്‍ പങ്കെടുക്കാനെത്തുന്നുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Elderly men escape from nursing home for german heavy metal festival

Next Story
കരുണാനിധി ഗുരുതരാവസ്ഥയില്‍: അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com