scorecardresearch

'വാക്ക് പാലിച്ചില്ലെങ്കില്‍ തല്ലിക്കോ'; വോട്ടര്‍മാര്‍ക്ക് ചെരുപ്പ് നല്‍കി സ്ഥാനാര്‍ത്ഥി

പെട്ടി നിറയെ ചെരിപ്പുമായാണ് തെലങ്കാനയിൽ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പരണം

പെട്ടി നിറയെ ചെരിപ്പുമായാണ് തെലങ്കാനയിൽ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പരണം

author-image
WebDesk
New Update
'വാക്ക് പാലിച്ചില്ലെങ്കില്‍ തല്ലിക്കോ'; വോട്ടര്‍മാര്‍ക്ക് ചെരുപ്പ് നല്‍കി സ്ഥാനാര്‍ത്ഥി

ഹൈദരാബാദ്: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ പോരാട്ടമെന്നാണ് അഞ്ച് സംസ്ഥാനങ്ങളിലെ ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ വിശേഷണം. പ്രമുഖ രാഷ്ട്രീയ കക്ഷികളെല്ലാം ശക്തമായ പോരാട്ടത്തിന് മുന്നിട്ടിറങ്ങിയതോടെ നിയമസഭാംഗമാകാനുളള പരിശ്രമം സ്വതന്ത്ര സ്ഥാനാർത്ഥികളും ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Advertisment

തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ വാശിയും വീറും ഓരോ ദിവസത്തെയും വാർത്തകളിലൂടെ പുറത്തുവരുന്നുണ്ട്. ഇത്രയും നാൾ പ്രമുഖ നേതാക്കളുടെ പാർട്ടിമാറ്റമാണ് വാർത്തയായതെങ്കിൽ തെലങ്കാനയിൽ നിന്ന് വരുന്നത് വേറിട്ടൊരു സംഭവമാണ്. തിരഞ്ഞെടുപ്പിൽ വിജയിച്ച് താൻ നിയമസഭാംഗമായാൽ ഇപ്പോൾ നൽകുന്ന വാഗ്‌ദാനങ്ങൾ പാലിച്ചില്ലെങ്കിൽ തല്ലാൻ ചെരിപ്പ് നൽകിയിരിക്കുകയാണ് സ്വതന്ത്രനായ സ്ഥാനാർത്ഥി.

ഡിസംബർ ഏഴിനാണ് ഇവിടെ തിരഞ്ഞെടുപ്പ്. കോറത്‌ല മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന അകുല ഹനുമന്ത എന്ന സ്ഥാനാർത്ഥിയാണ് തന്നെ തല്ലാൻ വോട്ടർമാർക്ക് ചെരിപ്പ് സമ്മാനിക്കുന്നത്. ഇദ്ദേഹത്തോടൊപ്പം വോട്ട് ചോദിക്കാൻ കൂടെ നടക്കുന്ന യുവാവ് എപ്പോഴും ഒരു വലിയ പെട്ടി നിറയെ ചെരിപ്പുകളുമായാണ് നടക്കുന്നത്.

"നിങ്ങൾക്ക് എന്താണോ വേണ്ടത്, അതിന് വേണ്ടി എന്നെ തിരഞ്ഞെടുക്കൂ. എന്നെ ആദ്യം അസംബ്ലിയിലേക്ക് അയക്കൂ. ഞാൻ നിങ്ങൾ പ്രതീക്ഷിച്ച ജോലി ചെയ്യുന്നില്ലെങ്കിൽ ഈ ചെരിപ്പ് കൊണ്ട് എന്നെ അടിക്കൂ," ഇതാണ് ഓരോ വോട്ടർക്കും ചെരിപ്പ് നൽകി ഹനുമന്ത് പറയുന്നത്.

Advertisment

വോട്ടർമാരിൽ ചിലർ ചെരിപ്പ് വാങ്ങിയില്ല. എന്നാൽ മറ്റ് ചിലർ ചെരിപ്പ് കിട്ടിയപ്പോൾ പൊട്ടിച്ചിരിച്ചുപോയി. അതേസമയം ചെരിപ്പ് കൈയ്യിൽ കിട്ടിയപ്പോൾ അന്തിച്ച് നിന്നവരുമുണ്ട്.

കോറത്‌ല മണ്ഡലത്തിൽ കഴിഞ്ഞ തവണ ടിആർഎസ് നേതാവ് കൽവകുന്തല വിദ്യാസാഗർ റാവുവാണ് മത്സരിച്ചത്. ഇദ്ദേഹം തന്നെയാണ് ഇക്കുറിയും ഇവിടെ ടിആർഎസിന്റെ സ്ഥാനാർത്ഥി. കോൺഗ്രസിന്റെ ജെ നരസിംഗ റാവുവാണ് എതിരാളി. ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ വേറിട്ട പ്രചാരണത്തിലൂടെ വെന്നിക്കൊടി പാറിക്കാനാണ് അകുല ഹനുമന്തയുടെ ശ്രമം.

Thelangana Assembly Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: