ന്യൂഡൽഹി: സഭയിൽനിന്ന് സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ഗാന്ധി പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു സമീപം പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. സസ്‌പെൻഡ് ചെയ്യപ്പെട്ട എട്ട് രാജ്യസഭാ എംപിമാരാണു കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. അതിനിടെ എംപിമാരെ സസ്‌പെൻഡ് ചെയ്യുന്നതിനെതിരായ നിരന്തര പ്രതിഷേധത്തെത്തുടർന്ന് രാജ്യസഭാ നടപടികൾ നാളത്തേക്കു നിർത്തിവച്ചു.

എളമരം കരീം, കെ കെ രാഗേഷ് (സിപിഎം), ഡെറിക് ഒബ്രയാന്‍, ഡോല സെന്‍ (തൃണമൂൽ കോൺഗ്രസ്), രാജീവ് സതവ്, റിപുന്‍ ബോറ, സയ്യിദ് നാസിര്‍ ഹുസൈന്‍ (കോൺഗ്രസ്), സഞ്ജയ് സിങ് (ആം ആദ്മി പാർട്ടി) എന്നിവരെയാണ് ഒരാഴ്ചത്തേക്കു സസ്പെൻഡ് ചെയ്തത്. 

രാജ്യസഭയില്‍ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്നാണ് പ്രതിപക്ഷ എം.പിമാരെ സസ്‌പെന്റ് ചെയ്തത്. രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചുവെന്നാരോപിച്ചാണ് നടപടി. ബിജെപി എംപിമാര്‍ നല്‍കിയ പരാതിയില്‍ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റേതാണ് തീരുമാം. പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ സസ്‌പെൻഷൻ പ്രമേയം അവതരിപ്പിച്ചു. വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിയെ കാണാനാണ് സാധ്യത.

അതേസമയം, പ്രതിപക്ഷ എം.പിമാരെ പുറത്താക്കിയ നടപടി ബി.ജെ.പിയുടെ ഭീരുത്വത്തെയാണ് തുറന്നുകാട്ടുന്നതെന്ന് എളമരം കരീം എംപി പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“സസ്‌പെന്‍ഷന്‍ ഞങ്ങളെ നിശബ്ദരാക്കില്ല. ഞങ്ങള്‍ കര്‍ഷകരുടെ പോരാട്ടത്തിനൊപ്പമാണ്. രാജ്യസഭാ ഉപാധ്യക്ഷന്‍ പാര്‍ലമെന്റ് നടപടി ക്രമങ്ങള്‍ ഇന്നലെ തടഞ്ഞു. അവരുടെ ജനാധിപത്യവിരുദ്ധമായ നടപടികളില്‍ ശ്രദ്ധ തിരിക്കാനുള്ള ശ്രമം ജനങ്ങള്‍ വീക്ഷിക്കുന്നുണ്ട്,” എളമരം കരീം പറഞ്ഞു.

 

Read More: കാർഷിക ബിൽ പ്രതിഷേധം: കെ.കെ രാഗേഷും എളമരം കരീമും അടക്കം എട്ട് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ഞായറാഴ്ചയാണ് കാര്‍ഷിക ബില്ല് രാജ്യസഭയില്‍ പാസായത്. ശബ്ദവോട്ടോടുകൂടിയാണ് ബില്ല് സഭയില്‍ പാസാക്കിയത്. രണ്ട് ബില്ലുകളാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ സഭയില്‍ പ്രതിപക്ഷം പേപ്പറുകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു.

രാജ്യസഭയിൽ ശബ്‌ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. വോട്ടെടുപ്പിനിടെ സഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. പ്രതിപക്ഷ എംപിമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ എംപിമാർ ബിൽ കീറിയെറിഞ്ഞു പ്രതിഷേധിച്ചു. തൃണമൂൽ എംപി ഡെറിക് ഒബ്രിയാൻ രാജ്യസഭാ ഡപ്യൂട്ടി ചെയർമാന്റെ മുൻപിൽ കയറിനിന്നു. സഭയുടെ നിയമപുസ്‌തകം ഡെപ്യൂട്ടി ചെയർമാന്റെ മുൻപിൽ ഉയർത്തിപിടിച്ചു.

ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ബില്‍ പരിഗണിക്കാനായില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook