ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിലെ എല്‍ പാസോയിലെ ഒരു വാള്‍മാര്‍ട്ട് സ്‌റ്റോറിലുണ്ടായ വെടിവയ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 25 ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 21 കാരനായ അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാലിഫോര്‍ണിയയിലുണ്ടായ വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതിന് ആറ് ദിവസം ശേഷമാണ് ഇന്നത്തെ സംഭവം. സംഭവത്തിന് പിന്നാലെ തന്നെ അക്രമി പൊലീസില്‍ കീഴടങ്ങി.
സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെയായിരുന്നു ട്രംപ് പ്രതികരണം നടത്തിയത്. സാധനങ്ങള്‍ വാങ്ങാനായി എത്തിയവരാണ് അക്രമത്തിന് ഇരയായത്. ടെക്‌സസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെടിവയ്പാണിതെന്നും ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് പറഞ്ഞു. കൊല്ലപ്പെട്ടവരെ ഓര്‍ത്ത് ടെക്‌സസ് വേദനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതിയുടെ പക്കല്‍ നിന്നും ഒരു മാനിഫെസ്റ്റോ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അക്രമത്തിന് പിന്നില്‍ വംശീയ വിദ്വേഷമാകാം എന്നാണ് എല്‍ പാസോ പൊലീസ് മേധാവി ഗ്രെഗ് അലന്‍ പറയുന്നത്. ഡാലസ് സ്വദേശിയാണ് അക്രമി. വെടിവയ്പിന് തൊട്ട്മുമ്പ ഇയാള്‍ മാനിഫെസ്റ്റോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. വെടിവയ്പ് സ്പാനിഷ് അധിനിവേശത്തിനുള്ള മറുപടിയാണെന്നാണ് മാനിഫെസ്റ്റോയില്‍ പറയുന്നത്.
ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിൽ വെടിവയ്പ് നടത്തിയ അക്രമിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതാണ് പോസ്റ്റ്. കൂടാതെ കുടിയേറ്റക്കാരോടുള്ള വെറുപ്പും പോസ്റ്റില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ന്യൂസിലന്‍ഡിലുണ്ടായ വെടിവയ്പില്‍ 51 പേരാണ് മരിച്ചത്. ലോകത്തെ തന്നെ നടുക്കിയ സംഭവമായിരുന്നു അത്. കുടിയേറ്റക്കാര്‍ അമേരിക്കയെ ഭരിക്കുമെന്നും പോസ്റ്റില്‍ പറയുന്നു.
അക്രമം നടക്കുമ്പോള്‍ സ്‌റ്റോറില്‍ 3000 ത്തോളം പേരായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ ഞായറാഴ്ച കാലിഫോര്‍ണിയയില്‍ 19 കാരന്‍ നടത്തിയ വെടിവയ്പില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. ഇതില്‍ രണ്ട് പേര്‍ കുട്ടികളായിരുന്നു. സ്പാനിഷ് വംശജരായ കുടിയേറ്റക്കാര്‍ ധാരാളമായുള്ള പ്രദേശമാണ് എല്‍ പാസോ.