മുംബൈ: ചരിത്രത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത ആരോപണ-പ്രത്യാരോപണങ്ങൾക്കാണ് ഇന്നലെ മഹാരാഷ്ട്ര നിയമസഭ വേദിയായത്. സെക്രട്ടേറിയറ്റ് കെട്ടിടത്തിലെ എലികളെ കൊല്ലാൻ നിയോഗിച്ച കമ്പനി ഏഴ് ദിവസം കൊണ്ട് 3 ലക്ഷത്തിലേറെ എലികളെ കൊന്നുവെന്ന ആരോപണത്തിലാണ് ഇന്നലെ സഭയിൽ കോലാഹലം നടന്നത്.

ബിജെപി നേതാവും മുൻ മന്ത്രിയുമായ ഏക്‌നാഥ് ഖഡ്സെയാണ് ആരോപണം ഉയർത്തിയത്. “സെക്രട്ടേറിയേറ്റിലെ എലികളെ കൊല്ലാൻ കരാർ ലഭിച്ച കമ്പനി പറഞ്ഞത് ഏഴ് ദിവസം കൊണ്ട് 31,9400 എലികളെ കൊന്നുവെന്നാണ്. ഇത്രയധികം എലികൾ മന്ത്രാലയത്തിലുണ്ടോ? ഈ കണക്കുകൾ ശരിയാണെങ്കിൽ 45628.57 എലികളെ കമ്പനി ഒരു ദിവസം കൊന്നിരിക്കണം. ഓരോ അര മിനിറ്റിലും 31.68 എലികളെ കൊല്ലുന്ന കമ്പനി സൂപ്പർ കമ്പനിയാണല്ലോ!?” ഖഡ്സെ ചോദിച്ചു.

“ചത്ത എലികളുടെ ആകെ ഭാരം 9125 കിലോയിലേറെ വരും. ഇത് കൊണ്ടുപോകാൻ ഒരു ട്രക്ക് തന്നെ വേണ്ടിവരുമല്ലോ. അങ്ങിനെ ചത്ത എലികളെ കൊണ്ടുപോകുന്നത് ആരും കണ്ടിട്ടില്ല,” ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് ഖഡ്സെ ഇന്നലെ പറഞ്ഞു. സഭയിൽ വലിയ പൊട്ടിച്ചിരിക്കും വൻ കോലാഹലത്തിനുമാണ് ഈ ആരോപണം വഴിവച്ചത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വകുപ്പ് നൽകിയ കരാറായതിനാൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം ഉയർന്നുവന്നു.

അതേസമയം, ആരോപണത്തിന് വിശദീകരണവുമായി സർക്കാർ രംഗത്ത് വന്നു. “വിനായക് മസൂർ എന്ന കമ്പനിക്കാണ് കരാർ നൽകിയത്. എലികളെ കൊല്ലാനുളള 319400 വിഷഗുളികകളാണ് കമ്പനി നൽകിയത്. ഇതിനായി 479100 രൂപ കമ്പനിക്ക് നൽകി. 1.50 രൂപയായിരുന്നു ഗുളികയുടെ വില. എത്രത്തോളം ഫലവത്തായിരുന്നു ഇതെന്ന് വ്യക്തമല്ല. എത്ര എലികൾ കൊല്ലപ്പെട്ടുവെന്നും വ്യക്തമല്ല,” ആരോപണത്തിന് മറുപടിയായി പിഡബ്ല്യുഡി മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.

അതേസമയം വിവരാവകാശ രേഖ പ്രകാരം ലഭിച്ച മറുപടിക്കത്തിലെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ആരോപണം ഉന്നയിച്ചതെന്ന് ഖഡ്സെ പറഞ്ഞു. “വ്യക്തമായ അന്വേഷണം വേണം. വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിൽ 319400 എലികളെ കൊല്ലാൻ പണം നൽകിയെന്നാണ് പറഞ്ഞിരുന്നത്,” ഖഡ്സെ വിശദീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ