കാണ്‍പൂര്‍: ഉത്തർപ്രദേശിലെ കാൺപൂരിൽ വ്യാഴാഴ്ച രാത്രി ഒരു കുറ്റവാളിയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പോലീസ് സംഘത്തിന് നേരെ അക്രമികൾ വെടിയുതിർത്തതിനെ തുടർന്ന് ഡെപ്യൂട്ടി സൂപ്രണ്ടും മൂന്ന് സബ് ഇൻസ്പെക്ടർമാരും ഉൾപ്പെടെ എട്ട് പോലീസുകാർ കൊല്ലപ്പെട്ടു.

വെടിവെപ്പിൽ പരുക്കേറ്റ നാല് പോലീസുകാരുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നാണ് വിവരം.

മരിച്ചവരുടെ കുടുംബങ്ങങ്ങളെ അനുശോചനം അറിയിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസുകാരിൽ നിന്ന് റിപ്പോർട്ട് തേടി. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കാൻ ഡിജിപി എച്ച്സി അവസ്തിക്ക് നിർദേശം നൽകിയതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

കൊലപാതക ശ്രമ കേസില്‍ പ്രതിയായ വികാസ് ദുബെയെ അറസ്റ്റ് ചെയ്യാനായി പോലീസ് സംഘം ചൗബേപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബിക്കാരു ഗ്രാമത്തിൽ എത്തിയപ്പോഴാണ് സംഭവം. 50 ഓളം കേസുകളില്‍ ദുബെ പ്രതിയാണ്.

പോലീസ് സംഘം വികാസിന്റെ വസതിയിലെത്തിയതിന് പിന്നാലെ അക്രമികൾ അവരെ ആക്രമിക്കുകയും വെടിവയ്ക്കുകയും ചെയ്തുവെന്ന് റൂറൽ അഡീഷണൽ പോലീസ് സൂപ്രണ്ട് ബ്രിജേഷ് ശ്രീവാസ്തവ പറഞ്ഞു.

ഡിവൈഎസ്പി ദേവന്ദ്ര മിശ്രയും മൂന്നു എസ് ഐമാരും നാലു കോണ്‍സ്റ്റബിളുമാരുമാണ് കൊല്ലപ്പെട്ടത്.

പൊലീസുകാര്‍ക്കെതിരെ ആക്രമണം നടക്കുന്ന വിവരം ലഭിച്ചതോടെ അവരെ സഹായിക്കുന്നതിനായി കൂടുതല്‍ പൊലീസിനെ അയച്ചു.  പരുക്കേറ്റ പോലീസുകാരെ ആശുപത്രിയിലെത്തിച്ചെങ്കിലും എട്ട് പേർ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. അക്രമികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു.

Read More in English: Eight UP cops killed in encounter with criminals in Kanpur

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook