ന്യൂഡൽഹി: ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ 46കാരിയായ നഴ്സ് കോവിഡ്-19 ബാധിച്ച് മരിച്ച് ഒരാഴ്ചയാകുമ്പോൾ കൂടുതൽ ആശുപത്രി ജീവനക്കാരുടെ പരിശോധന ഫലം പോസിറ്റീവ്. ആശുപത്രിയിലെ തന്നെ എട്ടോളം നഴ്സുമാർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. മേയ് 29 വരെയുള്ള കണക്കാണിത്.

മേയ് 24നാണ് മലയാളി നഴ്സ് ഡൽഹിയിൽ മരിക്കുന്നത്. ഇവരോടൊപ്പം ജോലി ചെയ്ത എട്ട് പേർക്കാണ് ഇപ്പോൾ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ഇവരിൽ മൂന്ന് പേർ ഇതേ ആശുപത്രിയിൽ തന്നെ ചികിത്സയിലാണ്.

ഡോ.ആർഎൻ കൽറയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലെ നഴ്സ്മാർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. നഴ്സുമാരുടെ കോവിഡ്-19 ഫലം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച അദ്ദേഹം അതേസമയം അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അറിയിച്ചു. എല്ലാ ജിവനക്കാരുടെയും സ്രവം പരിശോധന നടത്തിയെങ്കിലും ആ റിപ്പോർട്ടുകൾ വിവാദമായ സാഹചര്യത്തിൽ വീണ്ടും പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: കേരളത്തിന്റെ ആരോഗ്യനേട്ടം പങ്കുവയ്ക്കാന്‍ കെ കെ ശൈലജ; തത്സമയ പരിപാടിയില്‍ നിങ്ങള്‍ക്കും പങ്കുചേരാം

ആശുപത്രി അധികൃതർ ഉപയോഗിച്ച പിപിഇ കിറ്റുകൾ വീണ്ടും ഉപയോഗിക്കാനാണ് തങ്ങളോട് നിർദേശിച്ചതെന്ന് രോഗബാധ കണ്ടെത്തിയ നഴ്സുമാരിൽ ഒരാൾ ആരോപിച്ചു. നേരത്തെ മലയാളി നഴ്സിന്റെ മരണം സംഭവിച്ചപ്പോഴും സമാന ആരോപണം ആശുപത്രിക്ക് നേരെ ഉയർന്നിരുന്നു. തങ്ങളിൽ പലരുടെയും പരിശോധന ഫലം പോസിറ്റീവായതിൽ സംശയമൊന്നുമില്ലെന്നായിരുന്നു നഴ്സിന്റെ പ്രതികരണം.

സംഭവം വിവാദമായതോടെ നഴ്സിങ് സ്റ്റാഫ് ഉൾപ്പടെ ആശുപത്രിയിലെ 40ൽ അധികം ജീവനക്കാരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. അതേസമയം ആശുപത്രിക്ക് എതിരെ ഉയർന്ന ആരോപണങ്ങളെ അധികൃതർ തള്ളിയിട്ടുണ്ട്.

Also Read: ബസ് സർവീസ് നാളെ മുതൽ; പഴയ ടിക്കറ്റ് നിരക്ക് തന്നെ, നിന്നു കൊണ്ട് യാത്ര അനുവദിക്കില്ല

നഴ്സുമാർക്ക് രോഗബാധയുണ്ടായത് ആശുപത്രിക്ക് പുറത്ത് നിന്നാണെന്ന് ഡോ. കൽറ പറയുന്നു. നഴ്സുമാർക്ക് വേണ്ട എല്ലാ സംവിധാനങ്ങളും നൽകിയിരുന്നെന്നും സർക്കാർ നിർദേശ പ്രകാരമാണ് ആശുപത്രിയിൽ കോവിഡ് ചികിത്സ ആരംഭിച്ചതെന്നും അവിടെ തന്നെയാണ് നിലവിൽ നഴ്സുമാർ ചികിത്സയിൽ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook