ചെന്നൈ: തമിഴ്നാട്ടില്‍ നിന്നുമുള്ള എട്ടു മത്സ്യബന്ധന തൊഴിലാളികളെ കൂടി ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് മത്സ്യബന്ധന തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റുചെയ്തത്. തമിഴ്നാട്ടിലെ കോട്ടപട്ടണം, പുതുകോട്ട ജില്ലകളില്‍ നിന്നുമുള്ള മത്സ്യബന്ധനതൊഴിലാളികളാണ് അറ്റസ്റ്റ് ചെയ്യപ്പെട്ടവര്‍ എന്ന് ഫിഷറീസ് വകുപ്പ് അസിസ്റ്റന്‍റ ഡയറക്ടർ ചന്ദ്രശേഖര്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട്‌ ചെയ്തു. അറസ്റ്റ് ചെയ്ത മത്സ്യബന്ധനതൊഴിലാളികളെ കൂടുതല്‍ നിയമനടപടികള്‍ക്കായി കങ്കശാന്‍തുറയിലെ നാവികസേന ആസ്ഥാനത്തേക്ക് കൊണ്ടുപോയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ നിന്നുമുള്ള 28 ഓളം മത്സ്യബന്ധനതൊഴിലാളികളാണ് സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന കുറ്റത്താൽ ശ്രീലങ്കയിലെ ജയിലുകളില്‍ കഴിയുന്നത്. 137 ബോട്ടുകളും ശ്രീലങ്കൻ കസ്റ്റഡിയിലുണ്ട്. ജൂണ്‍ 15 ന് ട്രോളിങ് പുനരാരംഭിച്ചതു മുതല്‍ തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യബന്ധനതൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്യുന്നത് പതിവായിരിക്കുകയാണ്.

വ്യാഴാഴ്ച നടന്ന മറ്റൊരു സംഭവത്തില്‍ നെടുന്തീവിനടുത്തുവച്ച് ബോട്ട് മറിഞ്ഞപകടത്തില്‍പ്പെട്ട തമിഴ്നാട്ടില്‍ നിന്നുള നാലു മത്സ്യബന്ധനതൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന രക്ഷപ്പെടുത്തിയ ശേഷം വിട്ടയച്ചു. ജൂണ്‍ 22നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട തമിഴ്‌നാട്‌ മുഖ്യമന്ത്രി കെ.പളനിസ്വാമി, ശ്രീലങ്കയില്‍ തടവില്‍ കഴിയുന്ന മത്സ്യബന്ധനതൊഴിലാളികളുടെ മോചനത്തിനായുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം എന്നാവശ്യപ്പെട്ടിരുന്നു.

Read More : തമിഴ്നാട്ടുകാരായ എട്ട് മത്സ്യബന്ധനത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ