ന്യൂഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയിലെ യമുന എക്പ്രസ് വേയില്‍ വെള്ളിയാഴ്ച രാവിലെ സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ച് എട്ട് മരണം. ബസിലുണ്ടായിരുന്ന ഇരുപത് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.

ഡല്‍ഹിയേയും ഉത്തര്‍പ്രദേശിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയാണ് യമുന എക്‌സപ്രസ് വേ. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ ഗൗതം ബുദ്ദ് നഗര്‍ പൊലീസിനോടും മറ്റ് അധികാരികളോടും ആവശ്യപ്പെട്ടതായി ലക്‌നൗവിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.

‘ആഗ്രയില്‍ നിന്നും നോയിഡയിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. രാവിലെ അഞ്ച് മണിക്ക് രബുപുര പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ വച്ചാണ് അപകടം സംഭവിച്ചത്. എട്ട് പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു,’ പൊലീസ് പ്രസ്താവനയില്‍ പറയുന്നു.

മരിച്ചവരില്‍ ഭൂരിപക്ഷവും ബസിലെ യാത്രക്കാരാണ്. എങ്ങനെയാണ് അപകടമുണ്ടായത് എന്ന് വ്യക്തമല്ല. ബസിനകത്തേക്ക് ട്രക്ക് ഇടിച്ച് കയറിയതായാണ് കാണപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook