ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ കാഞ്ചിപുരം ജില്ലയിലെ കുരുവിമല ഗ്രാമത്തിലെ പടക്കശാലയില്‍ സ്ഫോടനത്തെ തുടര്‍ന്ന് എട്ട് മരണം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകട കാരണം സംബന്ധിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുമെന്നും കാഞ്ചീപുരം കലക്ടര്‍ എം.ആരതി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
അപകടത്തില്‍ പരുക്കേറ്റവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടന്നുവരികയാണ്. സംഭവത്തിൽ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈ അനുശോചനം രേഖപ്പെടുത്തുകയും പടക്കനിര്‍മാണശാലകള്‍ കൃത്യമായി നിരീക്ഷിക്കാനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
”ഇത്തരം സ്‌ഫോടന അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍, പടക്ക ഫാക്ടറികള്‍ ഉചിതമായ സുരക്ഷാ ക്രമീകരണങ്ങളും പരിശീലനവും നല്‍കണമെന്നും തമിഴ്നാട് സര്‍ക്കാര്‍ അവയെ കൃത്യമായി നിരീക്ഷിച്ച് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു,” അദ്ദേഹം ട്വിറ്റര്‍ പോസ്റ്റില്‍ കുറിച്ചു.