ലഖ്‌നൗ: മധ്യപ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന തീവണ്ടി പാളം തെറ്റി നിരവധി പേർക്ക് പരിക്ക്. ജബൽപൂരിൽ നിന്ന് നിസാമുദ്ദീനിലേക്ക് പോയ മഹാകോശൽ എക്സ്‌പ്രസാണ് പാളം തെറ്റിയത്. എട്ട് കോച്ചുകൾ പാളം തെറ്റിയിട്ടുണ്ട്. പത്തിലധികം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക കണക്ക്.

നോർത്ത് സെൻട്രൽ റയിൽവേ പബ്ലിക് റിലേഷൻസ് ഓഫീസർ അപകടം നടന്നത് 2.07 നാണെന്ന് പറഞ്ഞു. പ്രാഥമിക ശുശ്രൂഷ നൽകുന്നതിനായി ആക്സിഡന്റ് റിലീഫ് ട്രയിൻ ഇവിടേക്ക് എത്തിച്ചു. മഹോബ-കുൽപഹാർ റയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലാണ് അപകടം നടന്നത്.

അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. നോർത്ത് സെൻട്രൽ റയിൽവേ ജനറൽ മാനേജർ എം.സി.ചൗഹാൻ അടക്കമുള്ളവർ സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്.

ഝാൻസി, ഗ്വാളിയോർ, ബാണ്ട, നിസാമുദ്ദീൻ സ്റ്റേഷനുകളിൽ റയിൽവേ ഹെൽപ് ലൈനുകൾ തുറന്നിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടയിൽ നിരവധി തവണ ഉത്തർപ്രദേശിൽ തീവണ്ടി അപകടങ്ങൾ നടന്നിട്ടുണ്ട്. കാൻപൂർ തീവണ്ടി അപകടം “അതിർത്തിക്കപ്പുറത്ത് നിന്നുള്ള ഗൂഢാലോചന” എന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

സമാനമായ നിലയിലാണ് ഈ അപകടവും പരിഗണിക്കുന്നതെന്നാണ് ഉന്നത റയിൽവേ വൃത്തങ്ങളിൽ നിന്നുള്ള സൂചന.

ജഗദൽപൂർ- ഭുവനേശ്വർ ഹിരാഖണ്ഡ് എക്സ്പ്രസ് ജനവരിയിൽ പാളം തെറ്റിയിരുന്നു. ഇതിൽ 41 പേർ മരിക്കുകയും 60 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ മാസം ആദ്യം ഭോപാൽ-ഉജ്ജയിൻ ട്രയിനിലുണ്ടായ പൊട്ടിത്തെറിയിൽ 9  പേർക്ക് പരിക്കേറ്റിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook