ഭുവനേശ്വർ: മുംബൈ-ഭുവനേശ്വർ ലോക്‌മാന്യ തിലക് എക്‌സ്‌പ്രസ് വ്യാഴാഴ്ച രാവിലെ ഒരു ഗുഡ്സ് ട്രെയിനിൽ ഇടിച്ച് എട്ട് കോച്ചുകൾ പാളം തെറ്റി. സ്ഥലത്ത് കനത്ത മൂടൽ മഞ്ഞ് ഉണ്ടായതായും ഇത് രക്ഷാപ്രവർത്തനത്തെ ബാധിച്ചതായും അധികൃതർ അറിയിച്ചു.

രാവിലെ ഏഴ് മണിയോടെ സലഗോണിനും നേർഗുണ്ടി സ്റ്റേഷനുകൾക്കുമിടയിൽ ഉണ്ടായ അപകടത്തിൽ 20 യാത്രക്കാർക്ക് പരിക്കേറ്റു. സംഭവ സമയത്ത് 400 മുതൽ 450 വരെ യാത്രക്കാർ കോച്ചുകളിൽ ഉണ്ടായിരുന്നതായി കരുതുന്നു. മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

“15 മുതൽ 20 വരെ യാത്രക്കാർക്ക് പരുക്കേറ്റു, ഇതിൽ അഞ്ച് പേരുടെ പരുക്ക് ഗുരുതരമാണ്. എട്ട് ബോഗികൾ പാളം തെറ്റി, മറ്റ് മൂന്നെണ്ണം ട്രാക്കുകളിൽ നിന്ന് അല്പം സ്ഥാനം മാറി,” ഈസ്റ്റ് കോസ്റ്റ് റെയിൽവേ ചീഫ് പ്രോ, ജെ പി മിശ്ര പറഞ്ഞു. എങ്ങനെയാണ് രണ്ട് ട്രെയിനുകളും ഒരേ ട്രാക്കിലൂടെ വന്നത് എന്നകാര്യം റെയിൽവേ അധികൃതർ വിലയിരുത്തുകയാണ്. പരുക്കേറ്റവരെ കട്ടക്കിലെ എസ്‌സി‌ബി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുറമെ അപകടത്തെക്കുറിച്ചും പരുക്കേറ്റ യാത്രക്കാരെക്കുറിച്ചും വിവരങ്ങൾക്കായി ഈസ്റ്റ് കോസ്റ്റ് റെയിൽ‌വേ 1072 എന്ന ഹെൽപ്പ് ലൈൻ നമ്പർ നൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook