scorecardresearch
Latest News

ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യത്ത് ചീറ്റപ്പുലികളെത്തുന്നു; വരുന്നത് ചാര്‍ട്ടേഡ് വിമാനത്തില്‍

എട്ട് ആഫ്രിക്കൻ ചീറ്റകളാണ് (അഞ്ച് പെണ്‍ചീറ്റകളും മൂന്ന് ആണ്‍ചീറ്റകളും) സെപ്തംബര്‍ 16 ന് നമീബിയൻ തലസ്ഥാനമായ വിൻ‌ഹോക്കിൽ നിന്ന് വരുന്നത്

ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യത്ത് ചീറ്റപ്പുലികളെത്തുന്നു; വരുന്നത് ചാര്‍ട്ടേഡ് വിമാനത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് ആഫ്രിക്കന്‍ ചീറ്റപ്പുലികള്‍ എത്തുന്നു. എട്ട് ആഫ്രിക്കൻ ചീറ്റകളാണ് (അഞ്ച് പെണ്‍ചീറ്റകളും മൂന്ന് ആണ്‍ചീറ്റകളും) സെപ്തംബര്‍ 16 ന് നമീബിയൻ തലസ്ഥാനമായ വിൻ‌ഹോക്കിൽ നിന്ന് വരുന്നത്. ചാർട്ടേഡ് ബോയിംഗ് 747 കാർഗോ ഫ്ലൈറ്റിലാണ് ഇന്ത്യയിലേക്ക് ഇവയെ എത്തിക്കുന്നത്.

10 മണിക്കൂറിലധികം നീണ്ട യാത്രയ്ക്ക് ശേഷം അടുത്ത ദിവസം രാവിലെ ജയ്പൂർ വിമാനത്താവളത്തിൽ എത്തിച്ചേരുമെന്ന് പരിസ്ഥിതി മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.

ജയ്പൂരിലെത്തുന്ന ചീറ്റകളെ ഹെലിക്കോപ്റ്ററിലാണ് മധ്യപ്രദേശിലെ കുനൊ നാഷണല്‍ പാര്‍ക്കിലേക്ക് കൊണ്ടുപോകുന്നത്. ചീറ്റകള്‍ക്ക് നാലിനും ആറിനും ഇടയിലാണ് പ്രായം. ചീറ്റപ്പുലികളെ മാറ്റുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു.

“ഷിയോപൂർ ജില്ലയിൽ (കുനോ സ്ഥിതി ചെയ്യുന്നിടത്ത്) ദക്ഷിണാഫ്രിക്കയിലും നമീബിയയിലും ഉള്ളതിന് സമാനമായ മഴയുടെ അളവ്, താപനില, ഉയരം, അവസ്ഥ എന്നിവയുണ്ട്. ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഞാൻ അടുത്തിടെ പാർക്ക് സന്ദർശിച്ചിരുന്നു. 1952 ൽ വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ട ചീറ്റയെ ഇന്ത്യയിൽ പുനരവതരിപ്പിക്കുകയും, ഇന്ത്യയുടെ സ്വാഭാവിക പൈതൃകം പുനഃസ്ഥാപിക്കുക എന്നതും മാത്രമല്ല ലക്ഷ്യം. മൃഗങ്ങളുടെ ആഗോള സംരക്ഷണത്തിന് സഹായകമായ ഒരു ചീറ്റ മെറ്റാപോപ്പുലേഷൻ വികസിപ്പിച്ചെടുക്കുകയും ചെയ്യുക കൂടിയാണ് ലക്ഷ്യം,” അദ്ദേഹം പറഞ്ഞു.

“ആഗോളതലത്തില്‍ 7,000 ചീറ്റകളാണുള്ളത്, ആഫ്രിക്കയിലാണ് കൂടുതല്‍, 4500. അടുത്ത ബാച്ചില്‍ 12 ചീറ്റകളെ എത്തിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്,” കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് പ്രതിവര്‍ഷം എട്ട് മുതല്‍ 10 വരെ ചീറ്റകളെ എത്തിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ഇന്ത്യയ്ക്ക് ഈ വര്‍ഷം 20 ചീറ്റകളെ ലഭിക്കേണ്ടതായിരുന്നു. എട്ടെണ്ണം നമീബിയയില്‍ നിന്നും 12 എണ്ണം ദക്ഷിണാഫ്രിക്കയില്‍ നിന്നു. മന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഇന്ത്യയുടെ ഭാഗത്തുനിന്ന് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെങ്കിലും ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു.ദക്ഷിണാഫ്രിക്കയിൽ നിന്ന് അയയ്‌ക്കുന്ന ചീറ്റപ്പുലികളുടെ കൈമാറ്റത്തിനായി വിപുലമായ ആരോഗ്യ പരിശോധനകളും രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള രക്തപരിശോധനയും വാക്‌സിനേഷനും റേഡിയോ കോളറിംഗും ഉൾപ്പെടെ ഇതിനകം തന്നെ തയ്യാറാക്കിയിട്ടുണ്ട്.

യാത്ര ആരംഭിക്കുന്നതിന് രണ്ടോ മൂന്നോ ദിവസം മുന്‍പ് ചീറ്റകള്‍ക്ക് ഭക്ഷണം നൽകും, കൂടാതെ മൂന്ന് മൃഗഡോക്ടർമാരുടെ ഒരു ടീം വിമാനത്തിലുണ്ടാകും. സെപ്തംബര്‍ 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചീറ്റകളെ കുനൊ നാഷണല്‍ പാര്‍ക്കിലേക്ക് തുറന്ന് വിടുന്നത്. ഒരു മാസക്കാലം 1,500 ചതുരശ്ര അടിയുള്ള പ്രദേശത്ത് ക്വാറന്റൈനിലായിരിക്കും ഇവ. പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടുന്നതിനാണിത്. ചീറ്റകള്‍ക്ക് മറ്റ് രോഗങ്ങളില്ലെന്ന് ഉറപ്പുവരുത്താനും ഈ കാലഘട്ടം സഹായിക്കും.

സൂക്ഷ്മമായ നിരീക്ഷണത്തിന് പിന്നാലെ ആറ് ചതുരശ്ര കിലോ മീറ്ററിനുള്ളിലേക്ക് ഇവയെ വിടും. “ചീറ്റകള്‍ക്ക് വേട്ടയാടാൻ കഴിയുന്ന ഈ വലിയ ചുറ്റുപാടില്‍, അവരുടെ ആരോഗ്യം മാത്രമല്ല കുനൊയിലെ വേട്ടയാടൽ, ഭക്ഷണം, വിസർജ്ജനം തുടങ്ങിയവയുമായി അവ എങ്ങനെ പൊരുത്തപ്പെടുന്നു എന്നതും ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കും. ഇത് തൃപ്തികരമാണെന്ന് കണ്ടെത്തിയാൽ, 740 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കുനോ ദേശീയ ഉദ്യാനത്തിലേക്ക് അവരെ വിട്ടയക്കും,” ദേശീയ കടുവ സംരക്ഷണ അതോറിറ്റി മെമ്പർ സെക്രട്ടറി എസ് പി യാദവ് പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Eight cheetahs to arrive this week in chartered flight