ന്യൂഡൽഹി/തിരുവനന്തപുരം: പരിസ്ഥിതി ആഘാത പഠന വ്യവസ്ഥ ലഘൂകരിക്കാനുള്ള നിയമഭേദഗതിയിൽ (ഇഐഎ) സംസ്ഥാന സർക്കാർ നാളെ നിലപാട് അറിയിക്കും. നിയമഭേദഗതിയെ പൂർണമായും എതിർക്കുന്ന നിലപാടായിരിക്കില്ല സർക്കാരിനെന്നാണ് സൂചന.
അതേസമയം, ഓരോ ജില്ലകളുടെയും അവസ്ഥ പ്രത്യേകം കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കുമെന്നാണ് സൂചന. ഇഐഎ ഭേദഗതിയിൽ നിർദേശം സമർപ്പിക്കാനുള്ള അവസാന ദിവസം നാളെയാണ്. കേരളത്തോട് അടിയന്തരമായി നിർദേശങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാൻ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അറിയിച്ചിരുന്നു.
Read Also: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളംകൂട്ടാൻ നിർദേശം
ഒരു സ്ഥാപനം ആരംഭിക്കുന്നതിന് മുൻപ് പരിസ്ഥിതിക്കുണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ചെല്ലാം പഠിച്ച ശേഷം അനുമതി നൽകുകയെന്നതാണ് നിലവിലെ ഇഐഎ നയം. ഇതിനാണ് ഇപ്പോൾ ഭേദഗതി കൊണ്ടുവരുന്നത്. നിലവിൽ കരട് രൂപത്തിലിരിക്കുന്ന ഈ ഭേദഗതി പ്രാബല്യത്തിൽ വന്നാൽ ഇനി ഒരു സ്ഥാപനം തുടങ്ങാൻ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ല.
വിജ്ഞാപനത്തിനെതിരെ ശക്തമായ വിമർശനങ്ങളുണ്ട്. ഇഐഎ നിയമത്തിൽ ഭേദഗതി വരുത്തി പരിസ്ഥിതിക്ക് ദോഷകരമാകുന്ന രീതിയിൽ കേന്ദ്രം പൊളിച്ചെഴുതുകയാണെന്ന് സാമൂഹ്യമാധ്യമങ്ങളിൽ വിമർശനമുയർന്നിട്ടുണ്ട്.
Read Also: തൂത്തുക്കുടി കസ്റ്റഡി മരണം; അറസ്റ്റിലായ എസ്ഐ കോവിഡ് ബാധിച്ച് മരിച്ചു
കരട് വിജ്ഞാപനം കേന്ദ്രം പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിൽ ഇഐഎ വിജ്ഞാപനത്തിനെതിരെ ഒപ്പുശേഖരണം നടക്കുന്നുണ്ട്. ഇഐഎ നിയമ ഭേദഗതിയോടുള്ള വിയോജിപ്പ് കേന്ദ്രത്തെ അറിയിക്കാനാണ് ഒപ്പുശേഖരണം നടക്കുന്നത്. എന്നാൽ, നിയമഭേദഗതിയുമായി മുന്നോട്ടുപോകാനാണ് കേന്ദ്ര തീരുമാനം.