മുംബൈ: ലോകത്തെ ഏറ്റവും ഭാരമേറിയ വനിതയായ ഈജിപ്തുകാരി ഇമാൻ അഹമ്മദിന് ശസ്ത്രക്രിയ നടത്തി. ചികിത്സ തുടങ്ങി ഒരു മാസം ആകുമ്പോഴേക്കും 120 കിലോയാണ് ഇമാന്റെ കുറഞ്ഞത്. പ്രത്യേകം തയാറാക്കിയ വിമാനത്തിൽ കഴിഞ്ഞ ഫെബ്രുവരി 11നാണ് മുംബൈയിൽ ചികിത്സയ്ക്കായി ഇമാൻ എത്തിയത്. ഭാരം കുറയ്ക്കാനായുളള പ്രത്യേക ചികിത്സയ്ക്കായാണ് ഇമാൻ ഇന്ത്യയിലെത്തിയത്.
75 ശതമാനത്തോളം വയർ കുറയ്ക്കാനായി ലാപ്രസ്കോപിക് സ്ലീവ് ഗാസ്ട്രെക്ടമി എന്നറിയപ്പെടുന്ന ശസ്ത്രക്രിയയാണ് ഇമാന് നടത്തിയത്. ഇതിലൂടെ ഭക്ഷണം ദഹിക്കാനായി ചെറിയൊരു ഭാഗം മാത്രം നിർത്തുകയാണ് ചെയ്തിരിക്കുന്നത്. നിലവിൽ ദ്രാവക രൂപത്തിലുളള ഭക്ഷണം വായിലൂടെ ഇമാന് നൽകുകയാണ് ചെയ്യുന്നത്.
ഇമാന്റെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ കൂടി ഇതോടൊപ്പം പരിഹരിച്ച് ഈജിപ്തിലേക്ക് ആരോഗ്യവതിയായി മടക്കിയയ്ക്കാനാണ് ഡോക്ടർമാർ പരിശ്രമിക്കുന്നത്. ഇമാന്റെ ശരീര ഭാരത്തിന്റെ 70-100 കിലോ വരെ ജലമാണെന്നാണ് ഡോക്ടർമാർ കണ്ടെത്തിയത്. ഭാരം കുറയ്ക്കാനായി ഇമാന് പോഷകം അടങ്ങിയതും ഫൈബർ കൂടതലുമുളള പ്രത്യേക ഡയറ്റും ക്രമീകരിച്ചിട്ടുണ്ട്. ദിവസം 1200 കലോറി മാത്രം നൽകിയാണ് ഇമാന്റെ ഭാരം കുറയ്ക്കാൻ പരിശ്രമിക്കുന്നത്.
മുംബൈ സെയ്ഫീ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുമ്പോൾ 500 കിലോയോളം ഭാരമുണ്ടായിരുന്ന ഇമാൻ ഫെബ്രുവരി അവസാനം 50 കിലോ കുറഞ്ഞിരുന്നു. ഭാരം കാരണം ഒന്നു എഴുന്നേൽക്കാനോ തിരിഞ്ഞ് കിടക്കാൻ പോലും കഴിയാതിരുന്ന ഇമാന്റെ അവസ്ഥ മെച്ചപ്പെട്ട് വരികയാണ്.