കെയ്റോ: ഷവർമ വാങ്ങി നൽകിയില്ലെന്ന കാരണത്താൽ ഭർത്താവിൽ നിന്ന് ഭാര്യ വിവാഹമോചനം തേടിയതായി റിപ്പോർട്ട്. ഈജിപ്തിലെ അറബ് വംശജയായ സ്ത്രീയാണ് വിവാഹമോചനം തേടിയത്. ഈജിപ്തിലെ അറബ് വാർത്ത വെബ്സൈറ്റായ മസ്റാവി (masrawy) ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

നാൽപ്പത് ദിവസം മുൻപാണ് ഇവർ വിവാഹിതരായത്. ഷവർമ വാങ്ങാൻ ആവശ്യത്തിന് പണം നൽകിയില്ലെന്നാണ് പരാതിക്കാരിയായ സമീഹ എന്ന യുവതി ആരോപിച്ചിരിക്കുന്നത്.

“ഞങ്ങളുടേത് ഒരു പരമ്പരാഗത വിവാഹമായിരുന്നു. വിവാഹത്തിന് രണ്ടു മാസം മുൻപാണ് ഞാൻ അയാളെ പരിചയപ്പെട്ടത്. പക്ഷെ ഒരിക്കൽ പോലും അയാൾ എത്ര പിശുക്കനാണെന്ന് ആലോചിച്ചിരുന്നില്ല. വിവാഹം കഴിഞ്ഞ് ആദ്യത്തെ ആഴ്ച തന്നെ പുറത്ത് പോകുന്നത് തനിക്ക് ഇഷ്ടമല്ലെന്നും അത് വെറുതെ പണം പാഴാക്കുന്ന പ്രവൃത്തിയാണെന്നും അയാൾ പറഞ്ഞു”, സമീഹ ആരോപിച്ചു.

പണം ചിലവഴിക്കുന്നതിൽ ഭർത്താവ് വളരെയധികം പിശുക്ക് കാണിക്കുന്നത് സമീഹ ഒരാഴ്ചക്കകം തന്നെ തിരിച്ചറിഞ്ഞിരുന്നെങ്കിലും ഇവർ പുറത്തുപോയ ഒരു ദിവസമാണ് വിഷയം കൂടുതൽ സങ്കീർണ്ണമായത്.

തനിക്ക് ഷവർമ റാപ് വേണമെന്ന് യുവതി ഭർത്താവിനോട് ആവശ്യപ്പെട്ടതായി വാർത്ത പറയുന്നു. പക്ഷെ അതിനോടകം തന്നെ ജ്യൂസ് വാങ്ങിത്തന്നുവെന്ന് പറഞ്ഞ് ഷവർമ്മ വാങ്ങുന്നതിനെ ഭർത്താവ് എതിർത്തു. ഇരുവരും തമ്മിലുളള വാക്കുതർക്കത്തിനിടെ തന്റെ സ്വത്തുക്കൾ ധൂർത്തടിച്ച് ചിലവഴിക്കുകയാണെന്ന് സമീഹയെ ഭർത്താവ് കുറ്റപ്പെടുത്തുകയും ചെയ്തെന്നാണ് ആരോപണം.

ഇതേ തുടർന്ന് സമീഹ സ്വന്തം മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ പോവുകയും വിവാഹമോചന ഹർജി സമർപ്പിക്കുകയുമായിരുന്നു. ഈജിപ്തിലെ പ്രാദേശിക കോടതി വരുന്ന ആഴ്ച ഈ ഹർജി പരിഗണിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.

ഇത് വിചിത്രമായ വിവാഹ അഭ്യർത്ഥനയാണെന്ന് കരുതേണ്ടതില്ല. മുൻപ് ഇന്ത്യയിലടക്കം ഏറെ പ്രത്യേകതകളുളള വിവാഹമോചന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.  ഭാര്യ അമിതമായി ലൈംഗികാസക്തി പ്രകടിപ്പിക്കുന്നുവെന്ന കാരണത്താലാണ് 2014 ൽ മുംബൈയിലെ സിവിൽ കോടതിയിൽ യുവാവ് വിവാഹ മോചന ഹർജി സമർപ്പിച്ചത്.

ഇതിനു മുൻപ് 2008 ൽ ഭാര്യയുടെ മുഖക്കുരു കാരണമായി ചൂണ്ടിക്കാട്ടി  മുംബൈയിൽ തന്നെ വിവാഹമോചന കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഭർത്താവിന്റെ സുഹൃത്തുക്കൾക്ക് ചായ വച്ചുകൊടുക്കാൻ വിസമ്മതിക്കുന്നത് വിവാഹമോചനത്തിനുളള മതിയായ കാരണമാണെന്ന കീഴ്‌ക്കോടതി വിധി അലഹബാദ് ഹൈക്കോടതി ശരിവച്ചിരുന്നു.

2015 ലെ ബിബിസി റിപ്പോർട്ട് പ്രകാരം ഇന്ത്യയിലാണ് ഏറ്റവും കുറവ് വിവാഹമോചനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ എല്ലാ വിവാഹമോചനങ്ങളും നിയമവിധേയമല്ലാത്തത് ഈ റിപ്പോർട്ടിനെതിരായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ