ലോകത്തിലെ ഏറ്റവും ഭാരമേറിയ ഈജിപ്‌തിൽ നിന്നുളള വനിതയായ  ഇമാൻ അഹമ്മദിനെ ചികിത്സിക്കുന്ന മുംബൈയിലെ ആശുപത്രിക്കെതിരെ സഹോദരി രംഗത്ത്. മുംബൈയിലെ സെയ്‌ഫി ആശുപത്രിയിയിലെ ഡോക്‌ടർമാർക്കെതിരെയാണ് സഹോദരി ഷൈമ സലീം ആരോപണങ്ങൾ ഉന്നയിക്കുന്നത്.

ഫെബ്രുവരിയിൽ ആശുപത്രിയിലെത്തിക്കുമ്പോൾ 500 കിലോയ്‌ക്കടുത്തായിരുന്നു ഇമാന്റെ ശരീര ഭാരം. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച ശരീര ഭാരം 171 കിലോയായി കുറഞ്ഞതായി ഡോക്‌ടർമാർ അറിയിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ  ഷൈമയുടേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന ഒരു വിഡിയോയിലാണ് ഇതിനെതിരെ  ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇമാന് ഇപ്പോഴും സംസാരിക്കാനും നടക്കാനും സാധിക്കുന്നില്ലെന്നും ആശുപത്രിയിലെ ഡോക്‌ടർമാർ അവകാശപ്പെടുന്നത് പോലെ ശരീര ഭാരത്തിൽ കുറവ് ഉണ്ടായിട്ടില്ലെന്നുമാണ് ഷൈമ ഈ വിഡിയോയിൽ ആരോപിക്കുന്നത്.

മാർച്ച് 13 മുതൽ ഇമാനെ തിരിച്ച് ഈജിപ്‌തിലേക്ക് കൊണ്ടുപോവാൻ ആശുപത്രിയിലുളളവർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ തിരിച്ച് കൊണ്ടുപോയി എന്തെങ്കിലും സംഭവിച്ചാൽ എന്ത് ചെയ്യുമെന്നും ഷൈമ ചോദിക്കുന്നു.

ഡോക്‌ടർമാർ പറയുന്ന തരത്തിലുളള വലിയ മാറ്റങ്ങൾ ഇമാനിൽ ഉണ്ടായിട്ടില്ല. പലപ്പോഴും തീരെ അവശയായാണ് ഇമാനെ കാണപ്പെടുന്നത്. ട്യൂബിലൂടെയാണ് ഭക്ഷണം നൽകുന്നത്. സംസാരിക്കാനും സാധിക്കുന്നില്ല. കാലിലെ വേദന മൂലം ഇമാൻ പലപ്പോഴും കരയാറുണ്ട്- ഷൈമ സലീം പറയുന്നു.

പൂർണമായും ഭേദമാക്കാം എന്ന് പറഞ്ഞാണ് അലക്‌സാൻഡ്രിയയിൽ നിന്ന് ഇവിടെ വന്നത്. ലോകത്തെ പല ആശുപത്രികളിൽ നിന്നും ചികിത്സയ്‌ക്ക് വിളിച്ചിരുന്നു. പക്ഷേ ഞങ്ങളീ ആശുപത്രിയെ വിശ്വസിച്ചുവെന്നും ഷൈമയുടേതായി പ്രചരിക്കുന്ന വിഡിയോയിൽ ആരോപിക്കുന്നു

എന്നാൽ ഷൈമയുടെ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് പറഞ്ഞ് ആശുപത്രി അധികൃതരും രംഗത്തെത്തി. ഇമാന്റെ കാര്യത്തിൽ ചെയ്യാനുളളതെല്ലാം ചെയ്‌ത് കഴിഞ്ഞു. ബാക്കിയുളള ചികിത്സകൾ ഈജിപ്‌തിലും ചെയ്യാവുന്നതാണ്. എന്നാൽ അതിനുളള സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാലാണ് ആശുപത്രിക്കെതിരെ ആരോപണങ്ങളുമായി ഷൈമ എത്തിയിരിക്കുന്നതെന്ന് ഡോക്ടർ മുഫാസർ ലക്‌ഡാവാല പറഞ്ഞു. ഇത് വളരെ നിരാശജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഇമാനിലെ മാറ്റങ്ങൾ കാണിക്കാൻ തങ്ങളുടെ കൈയ്യിൽ കൃത്യമായ രേഖകൾ ഉണ്ടെന്നും ആശുപത്രി അധികൃതർ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ