കെയ്റോ: വസ്ത്രധാരണത്തിന്റെ പേരിൽ ജയിലിൽ കിടക്കേണ്ട അവസ്ഥയാണ് ഈജിപ്ത്യൻ നടി റാനിയ യൂസഫിന്. കെയ്റോ ഫിലിം ഫെസ്റ്റിവലിൽ റാനിയ ധരിച്ച വസ്ത്രമാണ് നടിക്ക് പണിയായത്. കറുപ്പ് നിറത്തിലുളള ട്രാൻസ്പരന്റ് ആയ വസ്ത്രമാണ് റാനിയ ഫിലിം ഫെസ്റ്റിവലിനെത്തിയപ്പോൾ ധരിച്ചിരുന്നത്.

റാനിയയുടെ വസ്ത്രധാരണം രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണെന്ന് കാട്ടി അഭിഭാഷകരാണ് ചീഫ് പ്രോസിക്യൂട്ടർക്ക് പരാതി നൽകിയത്. ജനുവരി 12 മുതലാണ് പരാതിയിൽ വാദം തുടങ്ങുക. കേസിൽ റാനിയ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ 5 വർഷമാണ് നടിക്ക് ജയിലിൽ കിടക്കേണ്ടി വരിക.

അതേസമയം, സംഭവത്തിൽ 44 കാരിയായ റാനിയ ക്ഷമ ചോദിച്ചു. ഇത്തരമൊരു വിവാദം സൃഷ്ടിക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഈ വസ്ത്രം ധരിക്കുമായിരുന്നില്ലെന്ന് റാനിയ പറഞ്ഞു. ആദ്യമായാണ് താൻ ഇത്തരത്തിലൊരു വസ്ത്രം ധരിക്കുന്നതെന്നും ഇത്രയധികം രോഷം രാജ്യത്ത് ഉണ്ടാക്കുമെന്ന് കരുതിയില്ലെന്നും അവർ പറഞ്ഞു.

കഴിഞ്ഞ വർഷം ഈജിപ്ത്യൻ ഗായിക ഷൈമ അഹമ്മദിനെ കോടതി രണ്ടു വർഷം തടവിന് ശിക്ഷിച്ചിരുന്നു. പിന്നീടിത് ഒരു വർഷമാക്കി കുറച്ചു. ഐ ഹാവ് ഇഷ്യൂസ് എന്ന വീഡിയോ ആല്‍ബത്തിലെ പാട്ടുരംഗത്ത് ഷൈമ അശ്ലീല ചുവയുള്ള രീതിയിൽ വാഴപ്പഴം കടിച്ചതാണ് വിവാദമായി മാറിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook