കെയ്റോ: ഈജിപ്തിലെ നോർത്ത് സിനായി പ്രവിശ്യയിൽ മുസ്ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 235 ആയി. നൂറിലേറെ പേർക്ക് പരുക്കേറ്റിട്ടുള്ളതായാണ് വിവരം. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.

ഇന്നലെയാണ് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് എത്തിയ വിശ്വാസികൾക്ക് നേരെ നാല് വാഹനത്തിലെത്തിയ ഭീകരർ വെടിയുതിർത്തത്. രക്ഷപ്പെടാനായി ചിതറിയോടിയ എല്ലാവരെയും ഭീകരർ വെടിവച്ച് വീഴ്ത്തി.

235 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും 109 പേർക്ക് പരുക്കേറ്റതായും പബ്ലിക് പ്രൊസിക്യുട്ടേഴ്സ് ഓഫീസ് സ്ഥിരീകരിച്ചു. 40 ലധികം വരുന്ന ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.  എന്നാൽ ഒരു ഭീകര സംഘടനയും ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

ബിർ അൽ-ആബിദ് എന്ന ഭീകര സംഘടനയുടെ ശക്തി കേന്ദ്രമായ പ്രദേശങ്ങളിൽ ഈജിപ്ഷ്യൻ സൈന്യം വ്യോമാക്രമണം നടത്തി. ക്രൂരമായ ആക്രമണത്തിന് മറുപടിയെന്നോണമാണ് ആക്രമണം നടത്തിയത്. കൂടുതൽ ശക്തമായി ആക്രമണം നടത്താൻ ആണ് ഈജിപ്ഷ്യൻ സർക്കാരിന്റെ തീരുമാനം. “ഞങ്ങളുടെ രക്തസാക്ഷികളുടെ മരണത്തിന് പകരം ചോദിക്കും” എന്ന് ഇന്നലെ പ്രസിഡന്റ് അബ്ദിൽ ഫത്താ അൽ സിസി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ