കയ്റോ: 2011ല്‍ പ്രതിഷേധക്കാരെ കൊലപ്പെടുത്തിയെന്ന കേസിൽ മുൻ ഈജിപ്ഷ്യൻ പ്രസിഡന്‍റ് ഹോസ്നി മുബാറക്കിനെ കോടതി വെറുതെ വിട്ടു. പ്രതിഷേധക്കാരെ കൊലപ്പെടുത്തിയെന്ന കേസിന്‍റെ പുനർ വിചാരണയ്ക്കു ശേഷമാണ് 88 വയസുകാരനായ മുബാറക്കിനെ കോടതി വെറുതെ വിട്ടത്.
മുബാറക്കിന്റെ മൂന്ന് പതിറ്റാണ്ട് നീണ്ട ഭരണത്തിന് വിരാമമിട്ട കേസില്‍, ഗൂഢാലോചനാ കുറ്റത്തിന് 2012ൽ മുബാറക്കിനും അദ്ദേഹത്തിന്‍റെ ആഭ്യന്തരമന്ത്രിക്കും ആറു കൂട്ടാളികൾക്കും കോടതി ജീവപരന്ത്യം തടവ് വിധിച്ചിരുന്നെങ്കിലും മറ്റൊരു കോടതി വിധി റദ്ദാക്കിയിരുന്നു.
2011 ജനുവരി 25ന് ആരംഭിച്ച 18 ദിവസം നീണ്ട പ്രതിഷേധത്തിനിടെ 200ലധികം പ്രതിഷേധക്കാരാണ് കൊല്ലപ്പെട്ടത്. പ്രക്ഷോഭത്തെ തുടര്‍ന്ന് തന്റെ 30 വര്‍ഷത്തെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച മുബാറക്ക് ഈജിപ്തിന്റെ ഭരണ സാരഥ്യം സൈന്യത്തിനാണ് കൈമാറിയിരുന്നത്. മുബാറക്കിനെയും അദ്ദേഹത്തിന്റെ മൂന്ന് മക്കളെയും അഴിമതിക്കേസില്‍ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചുള്ള കോടതി വിധി കഴിഞ്ഞ മാസം വന്നിരുന്നു. 89കാരനായ മുബാറക്ക് നിലവില്‍ കെയ്‌റോയിലെ മാദി സൈനിക ആശുപത്രിയിലാണ് കഴിയുന്നത്.