ബെംഗലുരു: കർണ്ണാടകയിൽ എച്ച് ഡി കുമാരസ്വാമി സർക്കാരിനെ മറിച്ചിടാൻ ശ്രമം നടക്കുന്നതായി ആരോപണം. മുഖ്യമന്ത്രി കുമാരസ്വാമി തന്നെയാണ് കോൺഗ്രസ് – ജെഡിഎസ് സർക്കാരിനെ താഴെയിറക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന കാര്യം പറഞ്ഞത്.

മുഖ്യമന്ത്രി കസേര സംരക്ഷിക്കാൻ താനായിട്ട് ശ്രമിക്കില്ലെന്നും സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളിൽ ആണ് ശ്രദ്ധ ചെലുത്തുന്നതെന്നും എച്ച് ഡി കുമാരസ്വാമി പറഞ്ഞു.

അടുത്തിടെ ഹസനിൽ നടത്തിയ പ്രസംഗത്തിൽ താൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ പറഞ്ഞിരുന്നു. ഇത് അടുത്ത തിരഞ്ഞെടുപ്പ് പരാമർശിച്ച് പറഞ്ഞതാണെന്ന് പിന്നീട് ഇദ്ദേഹം വിശദീകരണവും നൽകി. അതിന് പിന്നാലെയാണ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് കുമാരസ്വാമി പറഞ്ഞത്.

പക്ഷെ സെപ്റ്റംബർ മൂന്നിനുളളിൽ കർണ്ണാടകത്തിൽ മുഖ്യമന്ത്രി മാറുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നതെന്ന് കുമാരസ്വാമി പറഞ്ഞു.  “സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമങ്ങൾ ഊർജ്ജിതമാണ്. ഈ സർക്കാർ ഭരണത്തിൽ നൂറ് ദിവസം തികയ്ക്കാൻ പോവുകയാണ്. വികസനത്തിലൂന്നിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. അതിനാൽ തന്നെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവർ വിജയിക്കില്ല”, എച്ച് ഡി കുമാരസ്വാമി പറഞ്ഞു.

സംസ്ഥാനത്ത് 17 ഭരണകക്ഷി അംഗങ്ങൾ രാജിവച്ചാൽ ബിജെപിക്ക് അധികാരത്തിലെത്താനാവും. 12 പേർ രാജിസന്നദ്ധത അറിയിച്ചെന്ന് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഒന്നുമില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook