തിരുവനന്തപുരം: പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടക്കുന്ന ലോ അക്കാദമിയിലെ സമരം ഒത്തുതീർക്കാൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് വിളിച്ച യോഗം വീണ്ടും പരാജയപ്പെട്ടു. ചർച്ചയ്ക്കിടെ ക്ഷുഭിതനായ മന്ത്രി പാതിവഴിയിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
മാനേജ്മെന്റിനെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും വിദ്യാർത്ഥികൾ പറഞ്ഞു. മാനേജ്മെന്റിന്റെ തീരുമാനം അംഗീകരിക്കണമെന്ന് മന്ത്രി യോഗത്തിൽ വ്യക്തമാക്കി. എന്നാൽ, ലക്ഷ്മി നായർ രാജി വയ്ക്കണമെന്ന നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കിയതോടെയാണ് ചർച്ച വഴിമുട്ടിയത്. തുടർന്ന് ക്ഷുഭിതനായ മന്ത്രി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
മന്ത്രിയുടെ ഇറങ്ങിപ്പോക്ക് അംഗീകരിക്കാനാവില്ലെന്ന് എഐഎസ്എഫ് വ്യക്തമാക്കി. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടര്‍ന്നു. വരും ദിവസങ്ങളിലും സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.