ന്യൂഡല്‍ഹി: നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നതായും സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതിനായി നിരന്തരം ശ്രമിക്കുന്നതായും എഡിറ്റേഴ്സ് ഗില്‍ഡ്. ഈയടുത്ത് രണ്ട് ദേശീയ ടെലിവിഷന്‍ ചാനലുകളിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ രാജിവയ്ക്കുകയുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിരീക്ഷണം. സര്‍ക്കാരിനെതിരെ വിമര്‍ശനാത്മകമായ നിലപാട് എടുക്കുന്ന പരിപാടികള്‍ സംപ്രേക്ഷണ സമയത്ത് സിഗ്നലുകള്‍ തടസ്സപ്പെടുത്തുന്നതായും ആരോപണമുണ്ട്.

മാധ്യമ സ്വാതന്ത്ര്യത്തിന്റെ കഴുത്ത് ഞെരിക്കുന്ന ഇത്തരം ‘അധാര്‍മികമായ’ പ്രവര്‍ത്തികള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണം എന്നാണ് എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെടുന്നത്. സര്‍ക്കാരുകളോ മറ്റ് ശക്തികളോ ഉയര്‍ത്തുന്ന സമ്മര്‍ദ്ദത്തിന് വഴങ്ങരുത് എന്ന് മാധ്യമ ഉടമകളോടും ആവശ്യപ്പെടുന്നതാണ് പ്രസ്താവന.

വിവിധ മാധ്യമ സ്ഥാപനങ്ങളുടെ എഡിറ്റര്‍മാര്‍ ചേരുന്ന സംഘടനയാണ് എഡിറ്റേഴ്സ് ഗില്‍ഡ്. ടെലിവിഷന്‍ സിഗ്നലുകള്‍ തടസപ്പെടുത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായി നിരീക്ഷിക്കുന്ന സംഘടന അതില്‍ അന്വേഷണം വേണം എന്നും സര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്നു.

സര്‍ക്കാര്‍ നേരിട്ടോ മറ്റ് ഏജന്‍സികളെ മുന്നിൽ നിര്‍ത്തിയോ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നില്ല എന്ന് ഉറപ്പുവരുത്തണം. അത് ചെയ്യുന്നത് ആരായാലും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം എന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook