ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട പളനിസ്വാമി ഗവർണർ വിദ്യാസാഗർ റാവുവുമായി കൂടിക്കാഴ്ച്ച നടത്തി. പൊതുമരാമത്ത്- തുറമുഖ വകുപ്പ് മന്ത്രിയായ പളനിസ്വാമി 12 അംഗ സംഘത്തിനൊപ്പമാണ് രാജ്ഭവനിലെത്തിയത്. 123 എംഎല്‍എമാര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതായാണ് വിവരം.
ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ സർക്കാരുണ്ടാക്കാനുള്ള അവകാശവാദം പളനിസ്വാമി ഉന്നയിച്ചു. ഭൂരിപക്ഷം എം.എൽ.എ.മാരും തനിക്കൊപ്പമാണെന്നതിനുള്ള കത്തും ഗവർണർക്ക് കൈമാറി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്ന് അദ്ദേഹം ഗവര്‍ണറോട് ആവശ്യപ്പെട്ടു. പനീര്‍ശെല്‍വത്തെ വിശ്വാസവോട്ട് തേടാന്‍ അനുവദിക്കരുതെന്നും പളനിസ്വാമി ആവശ്യപ്പെട്ടു.
ഇന്ന് കൂവത്തൂരിലെ റിസോർട്ടിൽ കഴിയുന്ന എം.എൽ.എമാർ യോഗം ചേർന്നാണ് എടപ്പാടിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.
കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായും ശശികല പക്ഷം അറിയിച്ചു. കൂവത്തൂരില ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
എം.എല്‍.എമാരും ശശികലയുമുള്ള കൂവത്തൂരിലെ റിസോര്‍ട്ടിലേക്ക് വന്‍ പൊലിസ് സന്നാഹമെത്തി. ഐ.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നാല് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് ബസുകളും ഇവിടെയെത്തിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തമിഴ്നാട്ടില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. സുപ്രീംകോടതി വിധിയില്‍ തിരിച്ചടി ലഭിച്ചെങ്കിലും പനീര്‍ശെല്‍വത്തെ ഭരിക്കാന്‍ വിടില്ലെന്ന നിലപാടിലാണ് ശശികല. എന്നാല്‍ അമ്മയുടെ ഭരണം മറ്റാരുടേയും പിന്തുണയില്ലാതെ താന്‍ തുടരുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പനീര്‍ശെല്‍വം അറിയിച്ചു.