ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ നാടകീയ രംഗങ്ങൾക്കിടെ വിശ്വാസവോട്ടെടുപ്പ് തുടങ്ങി. മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി വിശ്വാസവോട്ടെടുപ്പിനുളള പ്രമേയം അവതരിപ്പിച്ചാണ് നടപടിക്രമങ്ങൾ തുടങ്ങിയത്. സഭയുടെ വാതിലുകൾ അടച്ചിട്ടാണ് വിശ്വാസവോട്ടെടുപ്പ് നടത്തുന്നത്. വോട്ടെടുപ്പിനിടെ സംസാരിക്കാൻ ഒ.പനീർസെൽവത്തിനും എം.കെ.സ്റ്റാലിനും സ്‌പീക്കർ അവസരം നൽകി. എന്നാൽ വോട്ടെടുപ്പ് രഹസ്യ ബാലറ്റിലൂടെ വേണമെന്ന ഒപിഎസിന്റേയും സ്റ്റാലിന്റേയും ആവശ്യം സ്‌പീക്കർ തളളി. ഇതേത്തുടർന്ന് സഭയിൽ പ്രതിപക്ഷ ബഹളം അരങ്ങേറി.

ആറ് ബ്ലോക്കായാണ് വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത്. ഒരു ബ്ലോക്കിൽ 38 എംഎൽഎമാർ ഉളളതിൽ ആദ്യ ബ്ലോക്കിന്റെ പിന്തുണ പളനിസാമിക്കാണെന്നാണ് അനൗദ്യോഗിക വിവരം. വിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്നവർ ആദ്യം എഴുന്നേറ്റ് നിൽക്കും. ഇതാണ് വോട്ടെടുപ്പിന്റെ രീതി. ജനങ്ങളുടെ ശബ്‌ദം എംഎൽഎമാരിലൂടെ സഭയിൽ മുഴങ്ങണമെന്ന് ഒപിഎസ് പറഞ്ഞു. ജനാധിപത്യം ഉയർത്തിപ്പിടിക്കാൻ രഹസ്യ ബാലറ്റ് വേണമെന്ന് ഡിഎംകെ നേതാവ് എംകെ.സ്റ്റാലിനും ആവശ്യപ്പെട്ടു.

ഡിഎംകെ അംഗങ്ങൾ വിശ്വാസവോട്ടെടുപ്പിൽ പനീർസെൽവത്തെ പിന്തുണച്ചു. രണ്ട് എംഎൽഎമാർ കൂടി ഇന്നു രാവിലെ കൂറു മാറിയതോടെ 122 എംഎൽഎമാരുടെ പിന്തുണയാണ് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയുടെ വിശ്വസ്‌തനായ പളനിസാമിക്ക് ഇപ്പോൾ ഉളളത്.

വിശ്വാസവോട്ട് തേടാൻ ഗവർണർ വിദ്യാസാഗർ റാവു 15 ദിവസത്തെ സമയം അനുവദിച്ചിരുന്നെങ്കിലും വോട്ട് തേടുന്നത് നീട്ടിക്കൊണ്ടു പോകുന്നത് തനിക്ക് അഭിമാക്യമായിരിക്കില്ല എന്ന് പളനിസാമിക്കറിയാം. ദിവസം ചെല്ലുന്തോറും കൂവത്തൂരിലെ റിസോർട്ടിൽ പാർപ്പിച്ചിരിക്കുന്ന എംഎൽഎമാരുടെ മനസ്സുമാറി പനീർസെൽവം ക്യാംപിലേക്ക് പോയാലോ എന്ന ഭയവും പളനിസാമിക്കുണ്ട്.

അതേസമയം, ഇന്നലെ നാടകീയമായി ഒരു എംഎൽഎ കൂടി വിശ്വാസവോട്ടിനെ എതിർക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ പനീർസെൽവം പക്ഷത്ത് 12 എംഎൽഎമാരായി. എന്നാൽ ഇനിയും 7 പേർ കൂടി ഒപ്പമെത്തിയാലേ പനീർസെൽവത്തിന് പ്രതീക്ഷയ്‌ക്ക് വകയുണ്ടാകൂ.

ഇതിനിടെ എടപ്പാടി പളനിസാമിക്ക് വോട്ട് ചെയ്യില്ലെന്ന് അറിയിച്ച് പ്രതിപക്ഷ പാര്‍ട്ടികളായ ഡിഎംകെയും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. 89 എംഎല്‍എമാരും പങ്കെടുത്ത യോഗത്തിലാണ് എടപ്പാടിക്ക് എതിരായി വോട്ട് ചെയ്യണമെന്ന് ഡിഎംകെ നേതാവ് സ്റ്റാലിന്‍ അറിയിച്ചത്. കോണ്‍ഗ്രസിന്റെ എട്ട് എംഎല്‍മാരോടും നിയമസഭയില്‍ ഹാജരായി എടപ്പാടിക്ക് എതിരെ വോട്ട് ചെയ്യണമെന്ന് രാഹുൽ ഗാന്ധിയും അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ