ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ഡി.കെ.ശിവകുമാറിനെ ഇന്നലെ ഒമ്പത് ദിവസത്തേക്ക് റോസ് അവന്യു കോടതി എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടിരുന്നു. സെപ്റ്റംബര്‍ 13 വരെയാണ് കസ്റ്റഡി കാലാവധി.

Also Read: ഡി.കെ.ശിവകുമാറിനെ ഒമ്പത് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

നേരത്തെ നാല് ദിവസം ശിവകുമാറിനെ ചോദ്യം ചെയ്തിരുന്നെങ്കിലും തൃപ്തികരമായ മറുപടി നല്കിയില്ലെന്നാണ് എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിക്കുകയായിരുന്നു. പണത്തിന്റെ ശ്രോതസ് ശിവകുമാറിന് മാത്രമേ അറിയു എന്നും അതിനാൽ വിശദമായ ചോദ്യം ചെയ്യാൽ ആവശ്യമാണെന്ന് ചൂണ്ടികാട്ടിയുമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടത്. 14 ദിവസത്തേക്കായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് റിമാന്‍ഡ് ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഒമ്പത് ദിവസമാണ് അനുവദിച്ചത്.

ശിവകുമാറിന്റെ വസതികളില്‍ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 8.59 കോടി രൂപ കണ്ടെത്തിയിരുന്നു. ഇതിന്റെ ഉറവിടം വ്യക്തമാവുന്ന തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്. ശനിയാഴ്ചയാണ് ശിവകുമാറിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ശിവകുമാറിന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണു ഇഡി സമന്‍സ് അയച്ചത്.

Also Read: ഹഫീസ് സെയ്ദ്, മസൂദ് അസർ, ദാവൂദ് ഇബ്രാഹീം എന്നിവരെ യുഎപിഎ നിയമപ്രകാരം ഭീകരരായി പ്രഖ്യാപിച്ചു

അതേസമയം അറസ്റ്റില്‍ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധമാണ് ചൊവ്വാഴ്ച രാത്രി മുതല്‍ ഉയരുന്നത്. ചൊവ്വാഴ്ച ശിവകുമാറിനെ അറസ്റ്റ് ചെയ്യുന്ന സമയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തടിച്ചുകൂടി. ശിവകുമാറിനെ കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി. ഇപ്പോഴും പലയിടങ്ങളിലും പ്രതിഷേധം തുടരുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook