scorecardresearch

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: സോണിയയ്ക്കും രാഹുലിനും ഇ ഡി നോട്ടിസ്

കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രം നടത്തിപ്പുമായി ബന്ധപ്പെട്ട കേസിലാണ് നോട്ടിസ്

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: സോണിയയ്ക്കും രാഹുലിനും ഇ ഡി നോട്ടിസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രം നടത്തിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ്. ചോദ്യം ചെയ്യലിനു ഹാജരാാവാന്‍ ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നത്.

2013ല്‍ ഡല്‍ഹിയിലെ വിചാരണ കോടതിയില്‍ ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി സമര്‍പ്പിച്ച സ്വകാര്യ ക്രിമിനല്‍ പരാതിയുടെ അന്വേഷണത്തില്‍നിന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആദായനികുതി അന്വേഷണം ആരംഭിച്ചത്. പത്രം ഏറ്റെടുക്കുന്നതില്‍ സോണിയയും രാഹുലും വഞ്ചനയും ഫണ്ട് ദുര്‍വിനിയോഗവും ആരോപിച്ചായിരുന്നു പരാതി.

നാഷനല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥതയിലുള്ള വസ്തുക്കള്‍ സോണിയയും രാഹുലും യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് മുഖേന വാങ്ങിക്കൂട്ടിയെന്നും ഇരുവര്‍ക്കും യങ് ഇന്ത്യനില്‍ 86 ശതമാനം ഓഹരിയുണ്ടെന്നുമാണു സ്വാമിയുടെ ആരോപണം. യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡാ(എ ജെ എല്‍)യിരുന്നു നാഷണല്‍ ഹെറാള്‍ഡിന്റെ പബ്ലിഷര്‍മാര്‍.

രാഹുലിനും സോണിയ്ക്കും പുറമെ മോട്ടിലാല്‍ വോറ, ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, സുമന്‍ ദുബെ, സാം പിത്രോഡ എന്നിവര്‍ക്കെതിരെയാണ് സുബ്രഹ്‌മണ്യന്‍ സ്വാമി പരാതി നല്‍കിയത്. നികുതി വെട്ടിപ്പ് ആരോപണവും സ്വാമി ഉന്നയിച്ചിരുന്നു.

എ ജെ എല്ലിനെ യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തതില്‍ ചതി, ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങിയവ നടന്നുവെന്നാണ് കേസ്. അതേസമയം പണമിടപാട് നടന്നിട്ടില്ലെന്നും ശമ്പളവും മറ്റും കൊടുത്തുതീര്‍ക്കുന്നതിന് കടം, ഒഹരികളാക്കി മാറ്റുക മാത്രമാണുണ്ടായതെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്.

സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മറ്റുള്ളവരും 50 ലക്ഷം രൂപ മാത്രം നല്‍കി ഫണ്ട് ദുരുപയോഗം ചെയ്തെന്നും ഇതുവഴി, എജെഎല്‍ കോണ്‍ഗ്രസിന് നല്‍കാനുള്ള 90.25 കോടി രൂപ തിരിച്ചുപിടിക്കാനുള്ള അവകാശം യങ് ഇന്ത്യന്‍ നേടിയെടുത്തുവെന്നും വിചാരണക്കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ആരോപിക്കുന്നു.

2010 നവംബറില്‍ 50 ലക്ഷം രൂപ മൂലധനവുമായി സംയോജിപ്പിച്ച യങ് ഇന്ത്യന്‍, നാഷണല്‍ ഹെറാള്‍ഡ് നടത്തിയിരുന്ന എജെഎല്ലിന്റെ മിക്കവാറും എല്ലാ ഓഹരികളും സ്വന്തമാക്കിയെന്നായിരുന്നു ആരോപണം.

രാഹുല്‍ ഗാന്ധിക്ക് യങ് ഇന്ത്യനില്‍ 154 കോടി രൂപയുടെ ഓഹരികളുണ്ടെന്നും മുമ്പ് വിലയിരുത്തിയതുപോലെ ഏകദേശം 68 ലക്ഷം രൂപയുടേതല്ലെന്നും ആദായനികുതി വകുപ്പ് പറഞ്ഞിരുന്നു. 2011-12 മൂല്യനിര്‍ണയ വര്‍ത്തേക്ക് യങ് ഇന്ത്യന് 249.15 കോടി രൂപയുടെ ഡിമാന്‍ഡ് നോട്ടീസ് ആദായനികുതി വകുപ്പ് ഇതിനകം നല്‍കിയിട്ടുണ്ട്.

എന്നാല്‍, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയും രാഹുലും ഉള്‍പ്പെടെയുള്ള നേതാക്കളെ ലക്ഷ്യമിടുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ വൈര്യം തീര്‍ക്കുകയാണെന്നാണു കോണ്‍ഗ്രസിന്റെ ആരോപണം.

സ്വാതന്ത്ര്യസമര കാലത്ത് ജവഹര്‍ലാല്‍ നെഹ്റുവാണ് നാഷണല്‍ ഹെറാള്‍ഡ് പത്രം തുടങ്ങിയത്. പില്‍ക്കാലത്ത് കോണ്‍ഗ്രസ് ഏറ്റെടുത്ത പത്രം 2008ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. കേസില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പവന്‍ ബന്‍സാലിനെയും നേരത്തെ ചോദ്യം ചെയ്തിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Ed summons sonia gandhi rahul money laundering case national herald