ന്യൂഡല്‍ഹി: ഡല്‍ഹി ഹെറാള്‍ഡ് ഹൗസില്‍ ഓഫീസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) പരിശോധന പുനഃരാരംഭിച്ചു. ഹെറാള്‍ഡ് ഹൗസിലെ യങ് ഇന്ത്യന്‍ ഓഫീസ് ചൊവ്വാഴ്ച ഇ ഡി മുദ്രവച്ചിരുന്നു.
യങ് ഇന്ത്യന്‍ ഭാരവാഹിയും കോണ്‍ഗ്രസ് നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉച്ചയോടെ ഹെറാള്‍ഡ് ഹൗസില്‍ എത്തിയശേഷമാണ് ഇ ഡി തിരച്ചില്‍ ആരംഭിച്ചതെന്നാണു ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്നുള്ള വിവരം.
യങ് ഇന്ത്യന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന ഹെറാള്‍ഡ് ഹൗസിന്റെ നാലാം നിലയില്‍ ഇ ഡി ചൊവ്വാഴ്ച തിരച്ചിലിനെത്തിയിരുന്നു. എന്നാല്‍, യങ് ഇന്ത്യന്‍ ഭാരവാഹികള്‍ ആരും സ്ഥലത്തില്ലാത്തതിനാല്‍ തിരച്ചില്‍ നടത്താനായില്ല. നിയമം അനുശാസിക്കുന്നതനുസരിച്ച് വസ്തുവിന്റെ ഉടമയോ പ്രതിനിധിയോ ചുമതലയുള്ള വ്യക്തിയോ ഹാജരാകുന്നതുവരെ തിരച്ചില്‍ നടത്താന്‍ കഴിയില്ല.
ചൊവ്വാഴ്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സ്ഥലത്ത് ലഭ്യമല്ലാത്തതിനാല്‍ ഓഫീസ് മുദ്രവച്ച ഇ ഡി, തിരച്ചില്‍ പൂര്‍ത്തിക്കുന്നതിന് വ്യാഴാഴ്ച എത്താന്‍ അദ്ദേഹത്തിനു സമന്‍സ് അയയ്ക്കുകയായിരുന്നു.
ഗാന്ധി കുടുംബവുമായി ബന്ധമുള്ള സ്ഥാപനമായ യങ് ഇന്ത്യന്‍, നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റ് ജേണല്‍സ് ലിമിറ്റഡിനെ(എ ജെ എല്‍) ഏറ്റെടുത്തതു സംബന്ധിച്ച് ഇ ഡി അന്വേഷണം നടക്കുകയാണ്.
നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ പ്രസാധകരായ എ ജെ എല്ലും അതിന്റെ മുഴുവന്‍ സ്വത്തുക്കളും കോണ്‍ഗ്രസ് നല്‍കിയതായി പറയുന്ന വായ്പയുടെ ‘തുച്ചമായ’ തുകയ്ക്ക് സ്വന്തമാക്കിയെന്നാണ് യങ് ഇന്ത്യനെതിരായ ആരോപണം. ഈ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്ന കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും മകന്‍ രാഹുല്‍ ഗാന്ധിയെയും ഇ ഡി പലതവണ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.
അക്ബര്‍ റോഡിലുള്ള കോണ്‍ഗ്രസ് ആസ്ഥാനത്തിന് പുറത്ത് ബുധനാഴ്ച ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരുടെ വിന്യാസം വര്‍ധിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ജന്‍പഥിലെ വസതിയും രാഹുല്‍ ഗാന്ധിയുടെ തുഗ്ലക്ക് ലെയ്നിലുള്ള വസതിയും പൊലീസ് വളഞ്ഞതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
വിലക്കയറ്റം, തൊഴിലില്ലായ്മ, അവശ്യസാധനങ്ങളുടെ ജി എസ് ടി നിരക്ക് വര്‍ധന എന്നിവയ്‌ക്കെതിരെ വെള്ളിയാഴ്ച ആസൂത്രണം ചെയ്ത പ്രതിഷേധങ്ങളുടെ സാഹചര്യത്തിലാണ് യങ് ഇന്ത്യന്‍ ഓഫീസ് മുദ്രവച്ചതെന്നും എ ഐ സി സി ആസ്ഥാനത്തിനു പുറത്ത് പൊലീസിനെ വിന്യസിച്ചതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
”കോണ്‍ഗ്രസ് ഉപരോധത്തിലാണ്. ഞങ്ങളുടെ ആസ്ഥാനവും കോണ്‍ഗ്രസ് അധ്യക്ഷയുടെയും മുന്‍ അധ്യക്ഷന്റെയും വീടുകളും ഡല്‍ഹി പൊലീസ് വളഞ്ഞിരിക്കുന്നു. ഇത് പ്രതികാരരാഷ്ട്രീയത്തിന്റെ ഏറ്റവും നീചമായ രൂപമാണ്. ഞങ്ങള്‍ കീഴടങ്ങില്ല. ഞങ്ങള്‍ നിശബ്ദരാകില്ല. മോദി സര്‍ക്കാരിന്റെ അനീതികള്‍ക്കും പിടിപ്പുകേടുകള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തുന്നതു തുടരും,” ആശയവിനിമയത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.