/indian-express-malayalam/media/media_files/uploads/2017/04/enforcementthe-enforcement-directorate.jpg)
ഫയൽ ചിത്രം
ജയ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന രാജസ്ഥാനിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും റെയ്ഡ് തുടങ്ങി. ജൽ ജീവൻ മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ഭാഗമായി ഇ ഡി രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലെ 25ഓളം ഇടങ്ങളിലും ദസ്വയിലും റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്. ഇ ഡി സംഘം വെള്ളിയാഴ്ച രാജസ്ഥാനിൽ ഒരു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ സ്ഥലങ്ങളിൽ ഉൾപ്പെടെ തിരച്ചിൽ നടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
രാജസ്ഥാൻ സർക്കാരിന് കീഴിലെ സെക്രട്ടേറിയറ്റിലും റെയ്ഡ് നടക്കുന്നതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. പൊതുജനാരോഗ്യ വകുപ്പിലെ എസിഎസ് സുബോധ് അഗർവാൾ ഉൾപ്പെടെയുള്ളവരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡുകൾ പുരോഗമിക്കുകയാണ്. ഇവരോട് അടുപ്പമുള്ള മറ്റ് ചില വ്യക്തികളും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പിഎംഎൽഎ) വകുപ്പുകളുടെ പരിധിയിൽ വരുന്നുണ്ടെന്ന് ഇ ഡി വൃത്തങ്ങൾ അറിയിച്ചു.
ഈ കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബറിലും കേന്ദ്ര ഏജൻസി സമാനമായ റെയ്ഡുകൾ നടത്തിയിരുന്നു. സംസ്ഥാനത്തെ 200 അംഗ നിയമസഭയിലേക്ക് നവംബർ 25ന് വോട്ടെടുപ്പ് നടക്കും. അതേസമയം, തമിഴ്നാട്ടിലെ ആദായ നികുതി വകുപ്പ് രാവിലെ ഡിഎംകെ നേതാക്കളുടെ വീടുകളിലടക്കം റെയ്ഡ് ആരംഭിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. ഡിഎംകെ നേതാവ് മീന ജയകുമാറിന്റെ കോയമ്പത്തൂർ നഞ്ചുണ്ടപുരത്തുള്ള വസതിയിലാണ് ആദായനികുതി വകുപ്പ് രാവിലെ റെയ്ഡ് ആരംഭിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.