ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഗ്രൂര്‍ എംപി ഭഗവന്ത് മാന്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി മുഖം. എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളാണു പ്രഖ്യാപനം നടത്തിയത്. നാല്‍പ്പത്തിയെട്ടുകാരനായ മാന്‍ എഎപി പഞ്ചാബ് ഘടകം തലവന്‍ കൂടിയാണ്.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായി എഎപി ഫോണ്‍ ഇന്‍ വോട്ടെടുപ്പ് നടത്തിയിരുന്നു. ബഹുഭൂരിഭാഗം പേരും ഭഗവന്ത് മാനെയാണു പിന്തുണച്ചതെന്ന് അരവിന്ദ് കേജ്രിവാള് പറഞ്ഞു.
”93 ശതമാനം ആളുകള്‍ ഭഗവന്ത് മാനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തു. ചിലര്‍ എന്നെ തിരഞ്ഞെടുത്തു, അതിനാല്‍ ഞങ്ങള്‍ ആ വോട്ടുകള്‍ തള്ളി. നവജ്യോത് സിങ് സിദ്ദുവിന് 3.6 ശതമാനം വോട്ടുകള്‍ ലഭിച്ചു. അതിനാല്‍ ഭഗവന്ത് മാനെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി മുഖമായി തിരഞ്ഞെടുത്തു,” കേജ്രിവാള് പറഞ്ഞു.
പ്രഖ്യാപനത്തിനു പിന്നാലെ വികാരാധീനനായ മാന്‍ എഴുന്നേറ്റ് കേജ്രിവാളിനെ കെട്ടിപ്പിടിച്ചു. കണ്ണുനീര് തുടയ്ക്കുന്നതും കാണാമായിരുന്നു. പ്രചാരണത്തിന് 22 ലക്ഷത്തോളം പ്രതികരണങ്ങള്‍ ലഭിച്ചതായി എഎപി കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു.
പഞ്ചാബിലെ അറിയപ്പെടുന്ന ഹാസ്യതാരവും ടിവി വ്യക്തിത്വമായ ഭഗവന്ത് മാന്‍ ഡിജിറ്റല്‍, വീഡിയോ യുഗത്തിന്റെ ആവിര്‍ഭാവത്തിനു മുമ്പ് നിരവധി വിനോദ കാസറ്റുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ശിരോമണി അകാലിദളില്‍(എസ്എഡി)നിന്ന് പുറത്തുവന്ന മന്‍പ്രീത് ബാദല്‍ 2011ല്‍ രൂപീകരിച്ച പീപ്പിള്‍സ് പാര്‍ട്ടി ഓഫ് പഞ്ചാബില്‍ (പിപിപി) ചേര്‍ന്നാണ് മാന്‍ രാഷ്ട്രീയ യാത്ര ആരംഭിച്ചത്.
2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലെഹ്റ മണ്ഡലത്തില്‍ മത്സരിച്ച മാനിന് മൂന്നാം സ്ഥാനംകൊണ്ട്് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. താമസിയാതെ എഎപിയില്‍ ചേര്‍ന്ന അദ്ദേഹം 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംഗ്രൂരില്‍നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. അകാലിദളിന്റെ ശക്തനായ സ്ഥാനാര്‍ഥി സുഖ്ദേവ് സിങ് ദിന്‍ഡ്സയെ രണ്ടു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 2019 ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം വന്‍ ഭൂരിപക്ഷത്തില്‍ സീറ്റ് നിലനിര്‍ത്തി. പഞ്ചാബില്‍നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു എഎപി എംപിയാണ് ഭവന്ത് മാന്‍.
ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പ്, ചരണ്‍ജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്ന വീഡിയോ കോണ്‍ഗ്രസ് ഇന്നലെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍, ഗോവയിലും ഉത്തരാഖണ്ഡിലും മുഖ്യമന്ത്രി സ്ഥാനമോഹികളുള്ളതിനാല് ചന്നിയെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസിന് ഇപ്പോള്‍ പ്രഖ്യാപിക്കാനാകില്ലെന്ന് ഒരു നേതാവ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
”പാര്‍ട്ടി തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന് ഹരീഷ് റാവത്ത് ആഗ്രഹിക്കുന്നു, ദിഗംബര്‍ കാമത്തും ആകാംക്ഷയിലാണ്. അതിനാല്‍, ഞങ്ങള്‍ക്കു ചന്നിയെ ഔദ്യോഗികമായി അവതരിപ്പിക്കാന്‍ കഴിയില്ല്. പക്ഷേ സൂചനകള്‍ വ്യക്തമാണ്. അദ്ദേഹമാണ് ഞങ്ങളുടെ ഏറ്റവും നല്ല പന്തയം. മിക്കവാറും അദ്ദേഹം കാരണം പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ അത് ചെയ്യും,” നേതാവ് പറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുടെ അനന്തരവന് ഭൂപീന്ദര്‍ സിങ്ങുമായി ബന്ധപ്പെട്ട വിവിധ ഇടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. അനധികൃത മണല്‍ ഖനനക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. പഞ്ചാബിലാകെ പത്തോളം സ്ഥലങ്ങളിലായിരുന്നു പരിശോധന.
Also Read: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ കുറവ്; 24 മണിക്കൂറിൽ പുതിയ 2.38 ലക്ഷം രോഗികൾ