ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദന കേസിൽ റോബര്‍ട്ട് വദ്രയെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും. വദ്രയെ ഇന്നലെ ആറ് മണിക്കൂര്‍ നേരം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഭാര്യ പ്രിയങ്ക ഗാന്ധിക്ക് ഒപ്പമാണ് വാദ്ര എത്തിയത്. എതാനും മിനിറ്റുകൾക്കുശേഷം പ്രിയങ്ക അവിടെനിന്നും മടങ്ങിപ്പോയി.
കേസിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും താന്‍ ഭര്‍ത്താവിനൊപ്പം നിലകൊള്ളുമെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. ഭര്‍ത്താവിനൊപ്പം എത്തിയത് തന്റെ നിലപാട് സംബന്ധിച്ച വ്യക്തമായ സന്ദേശമാണ് നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി.
ലണ്ടനില്‍ 1.9 മില്യൺ പൗണ്ട് മുടക്കി വസ്തു വാങ്ങിയതുമായി ബന്ധപ്പട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റോബർട്ട് വാദ്രയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ വാദ്രയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഡൽഹിയിലെ പാട്യാല കോടതിയാണ് വാദ്രയ്ക്ക് ജാമ്യം അനുവദിച്ചത്. ഫെബ്രുവരി 16 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ബുധനാഴ്ച എന്‍ഫോഴ്‌സ്‌മെന്റിന് മുമ്പാകെ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് വാദ്ര ചോദ്യം ചെയ്യലിന് ഹാജരായത്. തനിക്കെതിരായ ആരോപണങ്ങൾ വാദ്ര നേരത്തെ തന്നെ നിഷേധിച്ചിരുന്നു. തനിക്കെതിരെ രാഷ്ട്രീയ പ്രേരിതമായാണ് കേസെടുത്തിരിക്കുന്നതെന്നാണ് വാദ്ര പറഞ്ഞത്. റോബര്‍ട്ട് വാദ്രയക്ക് ലണ്ടനില്‍ നിരവധി വസ്തു വകകളുണ്ടെന്നും 6 ഫ്‌ളാറ്റുകളുമുണ്ടെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചത്.