ന്യൂഡല്‍ഹി: ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) പ്രകാരം ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റിംഗ് കോർപ്പറേഷൻ (ബിബിസി) ഇന്ത്യയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു. വിദേശ നാണയ വിനമയചട്ട ലംഘനം ആരോപിച്ചാണ് കേസ്. രണ്ടാഴ്ച മുമ്പാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും ബിബിസി ഇന്ത്യയുടെ ഡയറക്ടർമാരിലൊരാളടക്കം ആറ് ജീവനക്കാരെ ഇതുവരെ ചോദ്യം ചെയ്തതായും അധികൃതർ അറിയിച്ചു.
ഫെമ വ്യവസ്ഥകള്‍ പ്രകാരം ചില രേഖകളും കമ്പനി എക്സിക്യൂട്ടീവുകളുടെ മൊഴിയും രേഖപ്പെടുത്തേണ്ടതുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. കമ്പനി നേരിട്ട് നടത്തിയിട്ടുള്ള വിദേശ നിക്ഷപ ലംഘനങ്ങളാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്. “ഇന്ന് ബിബിസിയിലെ ഒരു ജീവനക്കാരനെ വിളിച്ചിട്ടുണ്ട്, ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്,” ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ആദായനികുതി വകുപ്പ് ബിബിസിയുടെ ന്യൂഡല്‍ഹി, മുംബൈ ഓഫിസുകളില്‍ സര്‍വെ നടത്തിയിരുന്നു. ഐ-ടി ആക്ടിന്റെ സെക്ഷൻ 133 എ പ്രകാരമായിരുന്നു സർവെ. കണക്കുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, പണം, സ്റ്റോക്ക്, രേഖകള്‍ എന്നിവയാണ് ഇത്തരം സര്‍വേകളില്‍ പരിശോധിക്കുന്നത്. നികുതി ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ളവയിലെ കൃത്രിമം പരിശോധിക്കുന്നതിനാണ് സര്‍വെ. ട്രാൻസ്ഫർ പ്രൈസിങ് റൂൾസ് ബിബിസി പാലിക്കുന്നില്ലെന്നാണ് ആദായ നികുതി വകുപ്പ് ആരോപിക്കുന്നത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഇന്ത്യ, ദി മോദി ക്വസ്ഷ്യന്‍ എന്ന ഡോക്യുമെന്ററി ജനുവരി 17-ാം തീയതി ബിബിസി പുറത്ത് വിട്ടതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ നടപടിയുണ്ടായത്. ജനുവരി 20-ാം തീയതി ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ യൂട്യൂബില്‍ നിന്നും ട്വിറ്ററില്‍ നിന്നും നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്നതാണ് ഡോക്യുമെന്ററി എന്നായിരുന്നു ഔദ്യോഗിക പക്ഷത്തിന്റെ വാദം.