മുംബൈ: ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കള്ളപ്പണം തടയൽ നിയമപ്രകാരം (പിഎംഎൽഎ) കേസ് രജിസ്റ്റർ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് ഇതാദ്യമായാണ് ഇഡി ഗോയലിനെതിരെ കേസെടുക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ആരോപണത്തെ നരേഷ് ഗോയലിന്റെ മുംബൈയിലെ വസതിയില്‍ എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് ബുധനാഴ്ച രാത്രി റെയ്ഡ് നടത്തിയിരുന്നു. വിദേശ പണമിടപാട് നിയമങ്ങള്‍ ലംഘിച്ചതുള്‍പ്പെടെ കുറ്റങ്ങളില്‍ നേരത്തെ ഗോയല്‍, ഭാര്യ അനിത ഗോയല്‍ എന്നിവര്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. 46 കോടി രൂപയുടെ വഞ്ചനക്കുറ്റത്തിന് ട്രാവല്‍ കമ്പനിയുടെ പരാതിയിലായിരുന്നു നടപടി.

Read More: കെഎസ്ആർടിസി പണിമുടക്ക്: യാത്രക്കാരൻ മരിച്ച സംഭവത്തിൽ കലക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം കഴിഞ്ഞ വർഷം ഇഡി ഗോയലിനെ ചോദ്യം ചെയ്യുകയും അദ്ദേഹവുമായി ബന്ധപ്പെട്ട ഒന്നിലധികം സ്ഥലങ്ങളിൽ അന്വേഷിക്കുകയും ചെയ്തിരുന്നു. സ്വകാര്യമായി 19 കമ്പനികളാണ് ഗോയലിനുള്ളതെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു. അതിൽ 14 കമ്പനികൾ ഇന്ത്യയിലും അഞ്ചെണ്ണം വിദേശത്തുമാണ്. വിൽപ്പനയും വിതരണവുമായി ബന്ധപ്പെട്ട എയർലൈനുകളുടെ ഇടപാടുകൾ ഇഡി പരിശോധിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

2019 മെയ് മാസത്തിൽ, ജെറ്റ് എയർവെയ്‌സിന്റെ പതിവ് ഫ്ലയർ പ്രോഗ്രാം ജെറ്റ് പ്രിവിലേജ് പ്രൈവറ്റ് ലിമിറ്റഡിൽ (ജെപിപിഎൽ) ഇത്തിഹാദ് എയർവേയ്‌സിന്റെ നിക്ഷേപം അന്വേഷിക്കാൻ ഇഡി ആരംഭിച്ചു. 2014 ൽ ജെപിപിഎല്ലിൽ ഒരു ഓഹരി ഏറ്റെടുത്ത ഇത്തിഹാദ് വിദേശ നിക്ഷേപ (എഫ്ഡിഐ) മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്ന് ഏജൻസി അന്വേഷിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook