മുംബൈ: വ്യവസായ ഭീമന്‍ നീരവ് മോദിയുടെ മുംബൈയിലെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെയും സിബിഐയുടേയും റെയ്ഡ്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളാണ് റെയ്ഡില്‍ കണ്ടെത്തിയത്.

15 കോടി രൂപ വിലമതിക്കുന്ന പുരാതനമായ ആഭരണങ്ങളും 1.40 കോടിയുടെ ആഢംബര വാച്ചുകളും എം.എഫ്.ഹുസൈന്‍, ഹെബ്ബര്‍ തുടങ്ങിയവരുടേതടക്കം പത്ത് കോടിയോളം രൂപ വിലമതിക്കുന്ന പെയിന്റിങ്ങുകളും റെയ്ഡില്‍ ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടിയിട്ടുണ്ട്.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നീരവ് മോദിയ്ക്കും അദ്ദേഹത്തിന്റെ അമ്മാവന്‍ മെഹുല്‍ ചോക്‌സിയ്ക്കുമെതിരെ റജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കേസിന്റെ ഭാഗമായി രാജ്യത്തെമ്പാടുമായി 251 സെര്‍ച്ചുകള്‍ നടത്തിയിട്ടുണ്ട്. പരിശോധനയില്‍ വിലപിടിച്ച ഡയമണ്ടുകളും സ്വർണവും മുത്തുകളുമെല്ലാം കണ്ടു കെട്ടിയിട്ടുണ്ട്. കണ്ടുകെട്ടിയ വസ്തുക്കളുടെ ഏകദേശ വില 7638 കോടി രൂപയാണ്.

നീരവ് മോദിയുടെ പേരിലുള്ള 21 വസ്തുവകകള്‍ കഴിഞ്ഞ മാസം ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. 11400 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയതിനാണ് നീരവ് മോദിയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സഹകരിക്കാന്‍ തയ്യാറാകില്ലെന്ന് ചോക്‌സി അറിയിച്ചതിന് പിന്നാലെയാണ് റെയ്ഡ് എന്നതും ശ്രദ്ധേയമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ